ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം (ഭാരത് ജോഡോ യാത്ര 2.0) 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാരത് ജോഡോ യാത്ര 2.0 ‘ഹൈബ്രിഡ്’ രീതിയിലായിരിക്കുമെന്നാണ് വിവരം. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങളിലും യാത്ര നടത്തും.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി.
ആദ്യ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ട് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരം ഈ വർഷം സെപ്റ്റംബറിൽ വാർത്താസമ്മേളനത്തിനിടെ, പാർട്ടി രണ്ടാം ഘട്ട ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്യുന്നതായി സൂചിപ്പിച്ചിരുന്നു.