ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി – പാർലമെന്ററി ബോർഡ് യോഗങ്ങൾ ഇന്നലെ രാത്രി ചേർന്നു. 125 ഓളം സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യപട്ടികയിൽ ഉള്ളത് എന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജനാഥ് സിംഗ്, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരുടെ പേരുകൾ ആദ്യപടികയിൽ ഉണ്ടാകും. ഒപ്പം സിനിമ ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള ചില പേരുകളും ആദ്യപട്ടികയിൽ ഇടം പിടിക്കും എന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സിനിമാ മേഖലയിൽ നിന്നും അക്ഷയ് കുമാർ, കങ്കണ റണൗട്ട്, എന്നിവരും ക്രിക്കറ്റ് താരം യുവരാജ് സിങ്ങും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങൾ അടക്കമുള്ള എട്ടിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പേരുകളും, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ ചില പേരുകളും ഉൾപ്പെട്ടതായി വിവരമുണ്ട്. ഡൽഹിയിൽ ഡോക്ടർ ഹർഷവർധൻ, മീനാക്ഷി ലേഖി എന്നി മുതിർന്ന നേതാക്കളെ തഴഞ്ഞ് സുഷമാ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് അടക്കമുള്ള പുതുമുഖങ്ങളെ ഇത്തവണ രംഗത്ത് ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.