ന്യൂഡൽഹി : ഒട്ടേറെ പൊതുതിരഞ്ഞെടുപ്പുകൾ നടന്ന കഴിഞ്ഞ സാമ്പത്തിക വർഷം, ബിജെപിക്ക് സംഭാവനയായി കിട്ടിയത് 2,244 കോടി രൂപ; കോൺഗ്രസിന് 289 കോടി രൂപയും. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച 20,000 ൽ പരം രൂപയുടെ സംഭാവന സംബന്ധിച്ച് പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കുപ്രകാരമാണിത്. ബിജെപിക്ക് തൊട്ടു മുൻപത്തെ വർഷം ലഭിച്ചതിന്റെ മൂന്നിരട്ടി പണമാണ് ഇക്കുറി കിട്ടിയത്. 2022–23 ൽ കോൺഗ്രസിന് 80 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതു മൂന്നിരട്ടിയിലേറെ വർധിച്ചു.
ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച പണം കൂടാതെയാണിത്. പദ്ധതി കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇലക്ടറൽ ബോണ്ട് വഴി പണം സ്വീകരിക്കില്ലെന്ന് നിലപാടുള്ള സിപിഎമ്മിന് കഴിഞ്ഞ സംഭാവനയായി 7.64 കോടി രൂപ ലഭിച്ചു. ആംആദ്മി പാർട്ടിക്ക് സംഭാവന 11.1 കോടിയായി കുറഞ്ഞു. കഴിഞ്ഞവർഷം 37 കോടിയായിരുന്നു ആപ്പിനു ലഭിച്ചത്.
ബിജെപിക്കു ലഭിച്ച സംഭാവനയിൽ 723.6 കോടി രൂപയും പ്രൂഡെന്റ് ഇലക്ടറൽ ട്രസ്റ്റ് നൽകിയതാണ്. ഇതേ ട്രസ്റ്റ് കോൺഗ്രസിനും 156 കോടി രൂപ നൽകി. ബിആർഎസ്, ഡിഎംകെ തുടങ്ങിയ പാർട്ടികൾ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച തുകയുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.
ഇതുപ്രകാരം, ബിആർഎസിന് 495 കോടി രൂപയും ഡിഎംകെയ്ക്ക് 60 കോടി രൂപയും ലഭിച്ചു. വൈഎസ്ആർസിപിക്ക് 121 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടിൽ നിന്നുൾപ്പെടെ ലഭിച്ചത്. ജാർഖണ്ഡ് ഭരിക്കുന്ന ജെഎംഎമ്മിന് 11.5 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചപ്പോൾ, 64 ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചത്.