ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്ര നേതൃത്വം. അകല്‍ച്ച വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ ബിജെപി നേതൃത്വം സ്വീകരിച്ചു തുടങ്ങി. ദേശീയ നേതാക്കളെയും സംസ്ഥാനത്തെ സഭാ മേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.
മണിപ്പൂരിലേത് മതപരമായ പ്രശ്‌നമാണെന്നും ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നുമുള്ള നിലപാടായിരിക്കും ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ സ്വീകരിക്കുക. സംസ്ഥാനം മുന്‍പ് ഭരിച്ച മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നയനിലപാടുകളാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ സഭാ മേലധ്യക്ഷന്‍മാരോട് പറയും.
മണിപ്പൂരില്‍ ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു