പരസ്യത്തിന് മാത്രമായി ഗൂഗിളിന് ബിജെപി നല്‍കിയത് കോടികള്‍. ഇതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ക്യാംപയ്നുകളുടെ ഭാഗമായി ഏറ്റവും വലിയ തുക ചിലവഴിച്ച പാര്‍ട്ടിയായി ബിജെപി. 2018 മുതല്‍ ഗൂഗിളിലും യുട്യൂബിലും പരസ്യത്തിനായി പാര്‍ട്ടി ചിലവിട്ടത് 390 കോടിയെന്നാണ് കണക്കുകള്‍.
ഡിജിറ്റല്‍ പ്ലാറ്റഫോമുകളില്‍ ബിജെപി ക്യാംപയ്നുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പരസ്യങ്ങളാണ് ബിജെപി നല്‍കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മറ്റ് പദ്ധതികളെ പരിചയപ്പെടുത്തിയുമാണ് മോദി ഗവണ്‍മെന്‍റിന്‍റെ പരസ്യങ്ങള്‍. ഗൂഗിളിലും യുട്യൂബിലും നല്‍കുന്ന പരസ്യമാണ് ഇതില്‍ കൂടുതല്‍. ഇന്ത്യയില്‍ ഇത്രയധികം തുക ഡിജിറ്റല്‍ പരസ്യത്തിനായി ചിലവഴിക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി.
കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), രാഷ്ട്രീയ ഉപദേശക സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) എന്നീ പാര്‍ട്ടികള്‍ 2018 മുതല്‍ ആകെ ചിലവഴിച്ച തുകയ്ക്ക് തുല്ല്യമാണ് ബിജെപി ചിലവഴിച്ചത്. 2018 മെയ് 31 നും 2024 ഏപ്രിൽ 25 നും ഇടയിൽ ഗൂഗിള്‍ പ്രസിദ്ധീകരിച്ച പരസ്യങ്ങളില്‍ ബിജെപിയുടെ മാത്രം പരസ്യ വിഹിതം 26 ശതമാനമാണ് എന്നാണ് കണക്ക്.