ഗുവാഹത്തി: ബീഫ് കഴിക്കുന്നതിന് ബി.ജെ.പി എതിരല്ലെന്ന് മേഘാലയ ബി.ജെ.പി അധ്യക്ഷൻ ഏണസ്റ്റ് മാവ്‌റി. ബീഫ് വാങ്ങുന്നതിനെയോ ഭക്ഷിക്കുന്നതിനെയോ ബി.ജെ.പി എതിര്‍ത്തിട്ടില്ലെന്നും താൻ ബീഫ് കഴിക്കാറുണ്ടെന്നും മാവ്‌റി പറഞ്ഞു. മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവന.
”ഞാൻ ബീഫ് കഴിക്കുന്നു. ഞാനൊരു ബി.ജെ.പിക്കാരനാണ്. അതിൽ യാതൊരു പ്രശ്‌നവുമില്ല. എനിക്കുറപ്പുണ്ട് ഇക്കുറി മേഘാലയയിലെ ജനങ്ങൾ ബി.ജെ.പിക്കൊപ്പമാണ്.മാർച്ച് രണ്ടിന് ഫലം വരുമ്പോൾ നിങ്ങൾക്കത് കാണാനാവും”- മാവ്‍റി പറഞ്ഞു.
ഇക്കുറി 60 സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മികച്ച പ്രകടനം നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പിനു ശേഷം അഴിമതിയുടെ കറ പുരളാത്ത പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുമെന്നും മാവ്‍റി പറഞ്ഞു. ഈ മാസം 27 നാണ് മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് ഫലം.