കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിക്കുനേരെ ദുർമന്ത്രവാദവും ശാരീരികപീഡനവുമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. സ്ത്രീധനത്തിന്‍റെ പേരിലാണ് യുവതിക്കുനേരെ ഗാർഹികപീഡനവും ദുർമന്ത്രവാദവുമുണ്ടായതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കേസിൽ ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ ഒളിവിലാണ്. തൃക്കരുവ സ്വദേശിനിയായ 21 വയസുകാരിയുടെ പരാതിയിലാണ് ഖാലിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പുറമെ യുവതിയെ മന്ത്രവാദ പൂജകള്‍ക്കു ഭർത്താവും വീട്ടുകാരും ചേർന്ന് നിര്‍ബന്ധിച്ചു. പീഡനം അസഹനീയമായതോടെ യുവതി ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.
വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, മന്ത്രവാദത്തിനായി സെയ്താലിയുടെ വീട്ടിലെത്തിയ ഖാലിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ സെയ്താലിയും അമ്മ സീനയും ഒളിവിൽ പോകുകയായിരുന്നു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.