കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിന് ഹൈക്കോടതി എട്ടാഴ്ച സാവകാശം അനുവദിച്ചു. ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയതിനെതിരേ കോർപ്പറേഷൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എട്ടാഴ്ചയ്ക്കുള്ളിൽ ഹർജിയിൽ തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.
ബ്രഹ്മപുരത്ത് മാലിന്യമലയ്ക്ക് തീപിടിച്ചതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കേസ് അടക്കമാണ് കോടതി പരിഗണിച്ചത്. നഗരത്തിൽ റോഡരികിലാകെ മാലിന്യം നിക്ഷേപിക്കുകയാണെന്നും ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി നിർദേശിച്ചു.
പ്ലാസ്റ്റിക് ശേഖരിക്കാൻ വൈകുന്നതിനാൽ നഗര റോഡുകൾ ബ്രഹ്മപുരത്തിന് തുല്യമാകുകയാണ്. കളക്ടറുടെയും തന്റെയും വീടിന് 100 മീറ്ററിന് അപ്പുറവും റോഡിൽ മാലിന്യം വലിയ തോതിൽ തള്ളിയിട്ടുണ്ട്. റോഡിൽ മാലിന്യം തള്ളുന്ന കാര്യത്തിൽ പരാതി പറയാനായി ഒരു വാട്സാപ്പ് നമ്പർ നൽകിയാൽ അത് ഹാങ് ആകുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. അത്രമാത്രം മാലിന്യമാണ് റോഡിലാകെ ഇടുന്നത്.