ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ സി.പി.ഐ നേതാക്കൾ പങ്കെടുക്കും. ഈ മാസം 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജയും ദേശീയ സെക്രട്ടറിയേറ്റംഗവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വവുമാണ് പങ്കെടുക്കുക.
സമാപന സമ്മേളനത്തിലേക്ക് 24 പ്രതിപക്ഷ പാർട്ടികളെ രാഹുൽ ഗാന്ധിയും പ്രസിഡന്റ് മല്ലികാർജുൻ ഘാർഗെയും ക്ഷണിച്ചിരുന്നു. നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ സി.പി.ഐയുടെ തീരുമാനം.
നേരത്തെ സി.പി.എം യാത്രയോട് അനുകൂല തീരുമാനമെടുത്തിരുന്നില്ല. ആലോചിച്ച് തീരുമാനമറിയിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സി.പി.ഐ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. യാത്ര അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ സി.പി.എമ്മും ഭാഗമാവാനാണ് സാധ്യത.
പലയിടത്തും വിവിധ പ്രതിപക്ഷ കക്ഷി നേതാക്കൾ ജോഡോ യാത്രയുടെ ഭാഗമായിരുന്നു. ഡി.എം.കെ, ശിവസേന, മക്കൾ നീതി മയ്യം ഉൾപ്പെടെയുള്ള കക്ഷി നേതാക്കളായിരുന്നു പങ്കെടുത്തത്. 30ലേക്ക് അടുക്കുമ്പോൾ കൂടുതൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ജോഡോ യാത്രയുടെ ഭാഗമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യവേദിയായി ജോഡോ യാത്ര സമാപന വേദിയെ മാറ്റാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഒപ്പം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യം കൂടി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്. നേരത്തെ യു.പിയിൽ ജോഡോ യാത്രയിലേക്കുള്ള ക്ഷണം എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി ഉൾപ്പെടെയുള്ളവർ നിരസിച്ചിരുന്നു.