Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേന്ദ്ര ബജറ്റ് 2023: ആദായ നികുതി നിരക്കുകൾ കുറയ്ക്കാന്‍ സാധ്യത

കേന്ദ്ര ബജറ്റ് 2023: ആദായ നികുതി നിരക്കുകൾ കുറയ്ക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അറിയച്ചത്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ധനകാര്യ മന്ത്രാലയം തയ്യാറായില്ല. അതേസമയം ആദായനികുതി നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2020ലായിരുന്നു. വാര്‍ഷിക വരുമാനത്തിന് കുറഞ്ഞ നിരക്കാണ് അതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭവന വാടക, ഇന്‍ഷുറന്‍സ് ഇളവുകള്‍ എന്നിവയില്‍ ഇളവുകള്‍ അനുവദിക്കാത്തത് പലര്‍ക്കും സ്വീകാര്യമായിരുന്നില്ല.

ഏത് നികുതി നിരക്കിന് കീഴിലാണ് നികുതി നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ന് വ്യക്തികള്‍ക്കുണ്ട്. അതേസമയം പുതിയ നികുതി നയം പ്രയോജനപ്പെടുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ മിനിമം വരുമാനമുള്ള വ്യക്തികളില്‍ നിന്നാണ് ആദായ നികുതി ഈടാക്കുന്നത്.

പ്രതിവര്‍ഷം 500,000 രൂപ മുതല്‍ 750,000 രൂപ വരെ വരുമാനമുള്ളവര്‍ നിലവിലെ സ്‌കീമിന് കീഴില്‍ 10% നികുതിയാണ് അടയ്‌ക്കേണ്ടത്. പഴയ നിയമപ്രകാരം ഇത് 20% ആയിരുന്നു. അതേസമയം 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്.

ഇന്ത്യന്‍ ശതകോടീശ്വരുടെ മുഴുവന്‍ സ്വത്തിന് ഒരു തവണ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ പോഷകാഹാര കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് വേണ്ട പണം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020ല്‍ 102-ആയിരുന്നു രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം. എന്നാല്‍ 2022-ല്‍ ഇത് 166 ആയി ഉയര്‍ന്നു. ”ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ സമ്പത്ത് 660 ബില്യണ്‍ ഡോളറിലെത്തിയിരിക്കുന്നു. ഇത് 18 മാസത്തിലേറെ മുഴുവന്‍ കേന്ദ്ര ബജറ്റിനും ധനസഹായം നല്‍കാന്‍ കഴിയുന്ന തുകയാണ്,” ‘സര്‍വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന പേരില്‍ ഓക്സ്ഫാം ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യോഗത്തിലാണ് ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മറുവശത്ത്, ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ള ആളുകള്‍ ഒരുമിച്ച് സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments