ഭാരതീയ ജനതാ പാർട്ടിക്കും രാഷ്ട്രീയ സ്വയം സേവക് സംഘിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ജയറാം രമേശ്. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ നശിപ്പിക്കുന്നു. ജനങ്ങളെ അണിനിരത്തി ഈ ആശയങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര ശനിയാഴ്ച ഇടവേളയെടുക്കുമെന്നും ഞായറാഴ്ച പുനരാരംഭിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.
“ജനങ്ങളെ അണിനിരത്തി ആർഎസ്എസ്, ബിജെപി ആശയങ്ങൾക്കെതിരെ പോരാടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ‘ഹത് സേ ഹാത്ത് ജോഡോ’ പ്രചാരണം ഉടൻ തന്നെ ആരംഭിക്കും” അദ്ദേഹം പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ശീതകാല മഴയെ അതിജീവിച്ച് രാഹുൽ ഗാന്ധി കത്വ ഹത്‌ലി മോറിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ജമ്മു കശ്മീരിൽ സമാപിക്കുമെന്നതിനാൽ, ശ്രീനഗറിൽ നടക്കുന്ന സമാപന പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 23 പാർട്ടികളുടെ നേതാക്കൾക്ക് കത്തെഴുതിയതായി ജയറാം രമേശ് അറിയിച്ചു. കൂടാതെ കശ്മീരി പണ്ഡിറ്റുകൾ, ദിവസ വേതനക്കാർ, കർഷകർ എന്നിവരുടെ പ്രതിനിധികളെ രാഹുൽ ഗാന്ധി കാണുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.