തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പി.എഫ്.ഐ പ്രവർത്തകരുടെ വസ്തുവകകൾ കണ്ടുകെട്ടൽ തുടങ്ങി. പോപ്പുലർ ഫ്രണ്ട് ഹർത്താൽ മൂലമുണ്ടായ നഷ്ടം ഈടാക്കാനുള്ള ജപ്തി നടപടി ശനിയാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർമാർക്ക് ലാൻഡ് റവന്യു കമ്മീഷണറാണ് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
കാസർഗോഡ് പെരുമ്പള, പടന്ന ഓഫീസുളിലാണ് തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്വത്ത് വകകൾ കണ്ടുകെട്ടൽ നടപടി ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവർത്തിച്ചിരുന്ന പെരുമ്പളടവിലെ ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്റ്റിലും, പടന്നയിലെ തീരം ചാരിറ്റബിൾ ട്രസ്റ്റിലുമാണ് നടപടി. വയനാട്ടിൽ മാനന്തവാടി താലൂക്കിൽ മാത്രം പതിനൊന്നിടത്ത് റവന്യൂ സംഘം വസ്തുവകകൾ കണ്ടു കെട്ടി.
പി എഫ് ഐ ജനറൽ സെക്രട്ടറിയിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടു കെട്ടി. തിരുവനന്തപുരം മണക്കാട് ഉള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് ജപ്തി ചെയ്യാൻ ജില്ലാ കലക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകി.
ഹൈക്കോടതിയിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകേണ്ട സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കാനുള്ള നിർദേശം നൽകിയത്. ജപ്തിക്ക് മുന്നോടെയായുള്ള നോട്ടീസ് നൽകേണ്ട. ജപ്തിക്ക് ശേഷം വസ്തുക്കൾ ലേലം ചെയ്യണമെന്നും ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.