തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തുക്കൾ കണ്ടുകെട്ടൽ പുരോഗമിക്കുന്നതിനിടെ എതിർപ്പുമായി എസ്ഡിപിഐ. കോടതിയെ മുൻ നിർത്തി വിവേചനപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. നഷ്ട്ടപരിഹാരം ഈടാക്കുന്നതിൽ കോടതി ആവേശം കാണിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായും അഷ്‌റഫ് ആരോപിച്ചു.
സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നഷ്ടം ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലായെന്ന് അഷ്‌റഫ് വിമർശിച്ചു. കോടതിയെ മുൻ നിർത്തി വിവേചനപരമായ നടപടിയെടുക്കുകയാണെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.
ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി സർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഹർത്താലിന് ആഹ്വാനം നൽകിയ സംസ്ഥാന ജനസെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിനന്റെ വീടും പുരയിടവും തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ടുകെട്ടി.
നാല് ജില്ലകലിലായി അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. ഇന്ന് അഞ്ച് മണിക്കകം ജപ്തി നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ ജില്ലാ കളക്ടർമാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.