തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തില്‍ നിന്ന് കെ സി വേണുഗോപാല്‍ എംപിയെ ഒഴിവാക്കിയതിലൂടെ അല്‍പ്പത്തരത്തിന്‍റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കെ സി വേണുഗോപാല്‍ എംപിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി എം എസ് എസ് വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിന് അനുവദിച്ചതെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്. ഉദ്ഘാടന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എംപിയെ ക്ഷണിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പങ്കെടുക്കേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സംഘാടക സമിതി അംഗം എച്ച് സലാം എംഎല്‍എ അറിയിച്ചെന്നാണ് അറിയാന്‍ സാധിച്ചത്.
ആശുപത്രി നിര്‍മ്മാണത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ ഇത്തരുണത്തില്‍ മനസ്സുകാട്ടിയ ജി. സുധാകരനെ പ്രത്യേകം അഭിനന്ദിക്കുന്നു. ആലപ്പുഴ ജില്ലയുടെ ആരോഗ്യ രംഗത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിന് നിരന്തരമായ ഇടപെടലുകള്‍ നടത്തിയ കെ സി വേണുഗോപാലിനെ അവഹേളിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രിയ പാപ്പരത്തമാണെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ, ആലപ്പുഴ മെഡിക്കൽ കോളേജിന്‍റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിലും പ്രതിഷേധ സ്വരം ഉയർന്നിരുന്നു. തന്നെ ക്ഷണിക്കാത്തതിനെതിരെ എഫ്ബി പോസ്റ്റുമായി മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ രംഗത്ത് എത്തുകയായിരുന്നു. കെ സി വേണുഗോപാലിനെ ഒഴിവാക്കിയതിൽ കോൺഗ്രസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരന്‍ പ്രതിഷേധം വ്യക്തമാക്കിയത്. നിർമ്മാണത്തിനായി ആദ്യാവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു.