അദാനി വിഷയത്തിൽ ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. രാജ്യം അദാനിക്ക് പതിച്ച് നൽകിയോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യം മുഴുവൻ അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എല്ലാ ബിസിനസ് രംഗത്തും അദാനിക്ക് മാത്രം വിജയിക്കാനാവുന്നത് എങ്ങനെയാണ്. അദാനിയുടെ വിജയത്തെപ്പറ്റി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. 2014 മുതൽ അദാനിയുടെ സമ്പത്ത് കുത്തനെ കൂടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അദാനി പ്രധാനമന്ത്രിയുടെ വിധേയൻ ആണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ ഗുജറാത്ത് വികസനത്തിന് ചുക്കാൻ പിടിച്ചത് അദാനിയാണ്. അതുവഴി അദാനി ബിസിനസ് വളർത്തിയെന്ന് പറഞ്ഞ രാഹുൽ, മോദിയും അദാനിയും ഒരുമിച്ചുള്ള ചിത്രം ഉയർത്തിക്കാട്ടി. എന്നാൽ ലോക്സഭയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ശ്രമിക്കരുതെന്ന് സ്‌പീക്കർ താക്കീത് നൽകി.
അദാനി വിഷയം ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിലെത്തി. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം അദാനിക്ക് വേണ്ടിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകി. പ്രധാനപ്പെട്ട ആറ് വിമാനത്താവള പദ്ധതികൾ അദാനിക്ക് നൽകിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എന്നാൽ രാഹുൽ കള്ളം പറയുകയാണെന്ന് ആരോപിച്ച് ബിജെ പി എംപിമാർ സഭയിൽ ബഹളം വച്ചു.