പത്തനംതിട്ട • ഭരണിക്കാവ്- മുണ്ടക്കയം 183 എ ദേശീയപാതയിൽ അടൂർ, ഓമല്ലൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ പുതിയ ബൈപാസുകൾ വരുന്നു. അടൂരിൽ നെല്ലിമൂട്ടിൽപടി മുതൽ ആനന്ദപ്പള്ളി വരെ (5 കിമീ), കൈപ്പട്ടൂർ മുതൽ പുത്തൻപീടിക വരെ (3 കിമീ) ദൂരത്തിലാണ് 2 ബൈപാസുകൾ നിർമിക്കുക. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണു ലക്ഷ്യമിടുന്നത്. പത്തനംതിട്ടയിൽ എസ്പി ഓഫിസ്, ശബരിമല ഇടത്താവളം എന്നിവയ്ക്കു പിന്നിലൂടെ മൈലപ്ര ഭാഗത്തേക്കാണു ബൈപാസ് കടന്നു പോകുക.
ന്യൂഡൽഹി ആസ്ഥാനമായ എസ്പിയുപി കൺസൽറ്റന്റാണ് അലൈൻമെന്റ് സർവേ നടത്തിയത്. അടൂർ ടൗണിലെ കടകൾ, വീടുകൾ എന്നിവ ഏറ്റെടുക്കുന്നത് ഒഴിവാക്കുന്ന വിധത്തിലാണ് ബൈപാസിന്റെ അലൈൻമെന്റ്. ഓമല്ലൂർ ടൗണിലെ കടകൾ, രക്തകണ്ഠ സ്വാമി ക്ഷേത്രം എന്നിവയെ ബാധിക്കാതിരിക്കാൻ ആകാശപാത നിർമിക്കും. പുത്തൻപീടിക വരെയാണ് ആകാശ പാത നിർമിക്കുന്നത്. അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂരിൽ പുതിയ പാലം നിർമിക്കും.
പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം കഴിഞ്ഞ് ശബരിമല ഇടത്താവളത്തിനു പിന്നിലൂടെയാണു പുതിയ റോഡ് വരുന്നത്. ഇവിടെ വീടുകളും കടകളും പരമാവധി നഷ്ടപ്പെടാത്ത രീതിയിൽ കൂടുതലും പാടശേഖരത്തിലൂടെയാണു പാത കടന്നുപോകുക. ഞുണ്ണുങ്കൽ പടി മുതൽ മൈലപ്ര പഞ്ചായത്ത് പടി വരെ ബൈപാസ് നിർമിക്കും. മൈലപ്ര പള്ളിപ്പടി, മൈലപ്ര ജംക്‌ഷൻ എന്നിവിടങ്ങളിൽ റോഡ് എത്തില്ല. മൈലപ്ര എസ്എച്ച് സ്കൂളിന് സമീപത്തെ വയലിലൂടെയാണു കടന്നു പോകുന്നത്. മൈലപ്ര പഞ്ചായത്ത് പടി മുതൽ മണ്ണാരക്കുളഞ്ഞി വരെ പുനലൂർ- പൊൻകുന്നം റോഡ് ദേശീയപാതയുടെ ഭാഗമാകും. മണ്ണാരക്കുളഞ്ഞി മുതൽ ഇലവുങ്കൽ വരെ ശബരിമല പാത പൂർണമായും ദേശീയപാതയുടെ ഭാഗമാകും.