തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പേടിച്ചിട്ടല്ല, യാത്രാ സൗകര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ തിരഞ്ഞെടുത്തതെന്നും ആകാശ് തില്ലങ്കേരിയെ സിപിഎമ്മിലെ ഒരാളും സംരക്ഷിച്ചിട്ടില്ലെന്നും എം.വി.ഗോവിന്ദന് മനോരമ ന്യൂസിനോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന ജനകീയ പ്രതിരോധയാത്രയ്ക്ക് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ആകാശ് തില്ലങ്കേരി സിപിഎമ്മിന് അടഞ്ഞ അധ്യായമാണ്. ഷുഹൈബ് വധക്കേസില്‍ സിബിെഎ അന്വേഷണ ആവശ്യം ഇനിയും ഉയര്‍ന്നാല്‍ എതിര്‍ക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
ഇഡിക്ക് മുന്നില്‍ ശിവശങ്കർ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം സിപിഎമ്മിനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പണത്തോടുള്ള ആര്‍ത്തി കൂടുന്നത് സ്വാഭാവികമാണന്നും ജീര്‍ണത ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതുന്നില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.