റായ്പുർ: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നും അംഗങ്ങളെ കോൺഗ്രസ് അധ്യക്ഷൻ തന്നെ നാമനിർദേശം ചെയ്യാനും തീരുമാനമായി. പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ അധ്യക്ഷനെ ചുമതലപ്പെടുത്തി യോഗത്തില്‍ പ്രമേയം പാസാക്കി.
1997 ലാണ് ഇതിനു മുമ്പ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 25 അംഗ പ്രവർത്തക സമിതിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി എന്നിവർക്കു പുറമേ 23 ഒഴിവാണുള്ളത്.
ഇന്ന് വൈകുന്നേരത്തോടെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സമ്മേളന സ്ഥലത്തെത്തും. പ്രിയങ്കാ ഗാന്ധി നാളെ രാവിലെ എത്തുമെന്നും എഐസിസി വൃത്തങ്ങൾ അറിയിച്ചു. സ്റ്റിയറിംഗ് കമ്മിറ്റിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തില്ല.