മുംബൈ: മൂന്ന് പതിറ്റാണ്ടായി ബി.ജെ.പി കയ്യടക്കി വെച്ചിരുന്ന മഹാരാഷ്ട്രയിലെ കസ്ബപേഠ് മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിച്ചു. മഹാരാഷ്ട്രയിലെ കസ്ബപേഠിൽ അഭിമാന പോരാട്ടമായിരുന്നു ബിജെപിക്ക്.1995 മുതല്‍ ബി.ജെ.പിയുടെ കോട്ടയായിരുന്നു കസ്ബപേഠ് മണ്ഡലം.
ശിവസേനയുടെ പിന്തുണയോടെ മണ്ഡലം നിലനിർത്താമെന്ന് കണക്ക് കൂട്ടിയ ബിജെപിക്ക് മഹാ വികാസ് അഘാഡിയുടെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധാൻഗെക്കറിന്‍റെ വിജയം വലിയ പ്രഹരമായി മാറി.ബിജെപിയുടെ ഹേമന്ത് രസാനയ്‌ക്കെതിരെ 11,400വോട്ടുകൾക്ക് കോൺഗ്രസിന്റെ രവീന്ദ്ര ധാൻഗെക്കർ വിജയിച്ചത്. ഇത് വോട്ടര്‍മാരുടെ വിജയമാണെന്ന് ധാൻഗേക്കർ പ്രതികരിച്ചു. എന്നാല്‍ എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തുമെന്നും ആത്മപരിശോധന നടത്തുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുര ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ ചിഞ്ച്വാഡ് നിലനിർത്താൻ സാധിച്ചത് മാത്രമാണ് ബിജെപിക്ക് ആശ്വാസം. ബിജെപി സ്ഥാനാർഥി അശ്വിനി ജഗാദാപാണ് ചിഞ്ച്വാഡില്‍ മുന്നേറുന്നത്.
മഹാരാഷ്ട്രയിലെ രണ്ടും തമിഴ്‌നാട്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്. ആറ് മണ്ഡലങ്ങളിൽ മൂന്നിടത്ത് കോൺഗ്രസും രണ്ടിടത്ത് ബിജെപിയും മുന്നേറ്റം തുടരുകയാണ്.
പശ്ചിമ ബംഗാളിലെ സാഗർദിഗി മണ്ഡലത്തിൽ തൃണമൂൽ കാൺഗ്രസ് സിറ്റിംഗ് എംഎൽഎ സുബ്രത സാഹയുടെ മരണത്തോടെ ആണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം പിടിച്ചെടുക്കാൻ ബയ്‌റോൺ ബിസ്വാസിനെ രംഗത്തിറക്കിയ കോൺഗ്രസിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല.
സിറ്റിംഗ് എംഎൽഎയുടെ മരണത്തോടെ ആണ് തമിഴ്‌നാട്ടിലെ ഈറോഡിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. എഐഎഡിഎംകെ സ്ഥാനാർഥി കെഎസ് തെന്നരശിനെ പതിനയ്യായിരത്തിലധികം വോട്ടുകൾക്ക് പിന്നിലാക്കി ആണ് കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവൻ മണ്ഡലം നിലനിർത്തിയത്.
സിറ്റിംഗ് എംഎൽഎയായ ജാംബെ താഷിയുടെ മരണത്തോടെ അരുണാചൽ പ്രദേശിലെ ലുംല മണ്ഡലത്തിൽ ബിജെപി അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എതിരാളികൾ ഇല്ലാത്തതിനാൽ ബിജെപി സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയിയായി പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ രാംഘഡ് മണ്ഡലത്തിൽ ബിജെപി പിന്തുണയോടെയാണ് എജെഎസ് യു സ്ഥാനാർഥി സുനിതാ ചൗധരി വിജയിച്ചത്.