ആലപ്പുഴ: തന്നെ ഒഴിവാക്കാന്‍ ക്രൂരമായി മർദിച്ചുവെന്നും ആഭിചാര ക്രിയകൾ നടത്തിയെന്നും പാർട്ടി ഏരിയാ കമ്മിറ്റി അംഗവും തദ്ദേശ സ്ഥാപനത്തിന്റെ ചുമതലക്കാരനുമായ ഭർത്താവിനെതിരെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഭാര്യ പരാതി നൽകി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനാണ് ക്രൂരമായ മർദനമേൽക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും നൽകിയ പരാതിയിൽ യുവതി പറയുന്നു.
മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ നേതാവും ലോക്കൽ കമ്മറ്റി അംഗവുമായ യുവതിയ്ക്ക് തേപ്പുപെട്ടികൊണ്ട് അടിയേറ്റിരുന്നു. പരിക്കേറ്റ യുവതിയെ കഴിഞ്ഞ 25ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പാർട്ടി നേതൃത്വവും പൊലീസും തയാറാകുന്നില്ലെന്നാണ് പരാതി. ലോക്കൽ കമ്മറ്റി അംഗം ആയ യുവതിയുടെ പിതാവ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും നേതൃത്വം നടപടിയെടുത്തില്ല. പെൺകുട്ടിക്ക് മർദ്ദനമേറ്റെന്ന് ആശുപത്രിയിൽ നിന്ന് വിവരം കൈമാറിയിട്ടും പൊലീസ് കേസ് എടുത്തില്ല. പൊലീസിന് മൊഴി നൽകരുതെന്ന് പാർട്ടി നേതൃത്വം പെൺകുട്ടിയുടെ വീട്ടുകാരോട് അവശ്യപ്പെട്ടുവെന്നാണ് വിവരം.
കായംകുളത്തെ സിപിഎമ്മിലെ പ്രബല വിഭാഗത്തിന്റെ പിന്തുണയും ആരോപണ വിധേയനായ നേതാവിനുണ്ട്. ഇതിനിടെ പരാതി ഒത്തുതീർപ്പാക്കാനും ശ്രമം നടന്നു.
ഇരുവരുടെതും മിശ്രവിവാഹമായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഗാര്‍ഹികപീഡനം അനുവഭിക്കുകയാണെന്ന് യുവതിയുടെ കുടുംബം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയില്‍ പരസ്ത്രീ ബന്ധമുണ്ടാകില്ലെന്ന് ഏരിയാ കമ്മിറ്റി അംഗം ഉറപ്പ് നല്‍കിയിരുന്നതായും ഈ പരാതിയില്‍ പറയുന്നു. എന്നാല്‍ ആ ഉറപ്പ് ലംഘിച്ച് മറ്റൊരു സ്ത്രീയുമായി യുവാവ് ബന്ധം തുടര്‍ന്നു. ഇത് ചോദ്യം ചെയ്തപ്പോളായിരുന്നു മർദനം.
തന്നെ ഒഴിവാക്കാനായി പെണ്‍സുഹൃത്തുമായി ചേര്‍ന്ന് അമ്പലങ്ങളില്‍ പോയി ആഭിചാരക്രിയകള്‍ നടത്തിയതായും ഇതിന്റെ തെളിവുകളും പാര്‍ട്ടി നേതാക്കള്‍ക്കും മുഖ്യമന്ത്രിക്കും അയച്ച പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. ഔദ്യോഗിക വാഹനം ഉപയോഗിച്ച് യുവനേതാവും പെണ്‍സുഹൃത്തും യാത്രപോയതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു.