ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതു വഴി വിഷ പദാർഥങ്ങളായ ഡയോക്സിനുകൾ, ഫ്യുറാൻ, മെർക്കുറി, പോളിക്ലോറിനേറ്റഡ് ബൈഫീനൈൽസ് തുടങ്ങിയവയെല്ലാം ഇപ്പോൾ അന്തരീക്ഷത്തിൽ നിറഞ്ഞിട്ടുണ്ട്. ഇതു മനുഷ്യർക്കു മാത്രമല്ല, പ്രദേശത്തെ കൃഷി, മൃഗങ്ങൾ, ജലാശയങ്ങൾ എന്നിവയ്ക്കെല്ലാം ഭീഷണിയാണ്. ഒന്നോ, രണ്ടോ ദിവസം കൊണ്ടു പ്രശ്നം തീരില്ല. മാസങ്ങളോളം നിലനിൽക്കും. വിഷപദാർഥങ്ങൾ വായുവിലും മണ്ണിലും ജലത്തിലുമെല്ലാം നിറയും.
ശ്വാസത്തിലൂടെയും ചർമത്തിലൂടെയും അകത്തെത്തുന്നതിനേക്കാൾ കൂടുതൽ വിഷാംശം ഭക്ഷണത്തിലൂടെയാണ് അകത്തെത്തുക. പക്ഷി മൃഗാദികളിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങളായ മുട്ട, പാൽ, മത്സ്യം, ഇറച്ചി എന്നിവ വഴിയെല്ലാം വിഷമയമായ പദാർഥങ്ങൾ മനുഷ്യരിലെത്തും. വിഷപ്പുകയേറ്റ പച്ചക്കറി കഴിക്കുമ്പോഴും ഇതു ശരീരത്തിലെത്തും. ഇത്തരം വിഷപദാർഥങ്ങൾ പിന്നീട് മാരകരോഗങ്ങൾക്കും ഇടയാക്കും.
മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീയും പുകയും കെടുത്താൻ ശ്രമിക്കുന്നതിനിടെ 20 അഗ്നിരക്ഷാ സേനാംഗങ്ങൾക്കു ദേഹാസ്വാസ്ഥ്യം. ഛർദി അനുഭവപ്പെട്ട ഒരു സേനാംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്ന് 23 ഫയർ യൂണിറ്റുകളാണു ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ശ്രമിക്കുന്നത്.
ബ്രഹ്മപുരത്തെ മാലിന്യം തള്ളൽ കേന്ദ്രത്തിലെ തീപിടിത്തം മൂലം ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളും ദൂരവ്യാപകമായ പരിസ്ഥിതി പ്രത്യാഘാതവും ഉണ്ടാകുമെന്ന് സൂചന. പ്ലാസ്റ്റിക് മാലിന്യം കത്തിയതു മൂലം അന്തരീക്ഷത്തിൽ വ്യാപിച്ച പുക മാസങ്ങളോളം നിലനിൽക്കുമെന്നും ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.