Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി ഗ്രീഷ്മ: കുറ്റപത്രം

ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി ഗ്രീഷ്മ: കുറ്റപത്രം

തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചു.

ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.

ഷഡാങ്ക പാനീയം (ആയുർവേദ മരുന്ന്) കഷായപ്പൊടി വെള്ളത്തിൽ തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതിൽ കീടനാശിനി കലർത്തി. ഷാരോൺ മരിച്ചശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കന്യാകുമാരി ദേവിയോട് പൂമ്പള്ളിക്കോണത്ത് ശ്രീനിലയത്തിൽ ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർ ജയിലിലാണ്.

2021 ഒക്ടോബർ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബറിൽ ഷാരോണിന്റെ വീട്ടിവച്ച് താലികെട്ടി. വെട്ടുകാട് പള്ളിയിൽവച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ശാരീരക ബന്ധത്തിൽ ഏർപ്പെട്ടു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 22ന് പാരസെറ്റാമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളിൽ സേർച്ച് ചെയ്തു.

പാരസെറ്റാമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ച് വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽവച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. കോളജിലെ റിസപ്ഷൻ ഏരിയയിലെ ശുചിമുറിയിൽവച്ച് ഗുളികൾ ചേർത്ത ലായനി ജൂസ് കുപ്പിയിൽ നിറച്ചു. ഷാരോണിന് ജൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ കളഞ്ഞു. ഗുളിക കലർത്താത്ത ജൂസ് കുടിച്ചശേഷം ഇരുവരും മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങൾ സംസാരിച്ചു. 14–ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.

‘കഷായം കുടിക്കാമെന്ന് മുന്‍പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാൻ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു. കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബർ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേർന്ന റബ്ബർ പുരയിടത്തിൽ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments