തിരുവനന്തപുരം: അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിനെതിരെ ഗുരുതര ആരോപണവുമായി കെകെ രമ. സഭയിലെ സ്പീക്കറിന്റെ ഓഫീസിന് മുന്നിലെ സംഘർഷത്തിനിടയിൽ എച്ച് സലാം തന്നെ തൊഴിച്ചതായി കെകെ രമ പറഞ്ഞു. അഞ്ച് വാച്ച് ആൻഡ് വാർഡുകൾ ചേർന്നാണ് തന്നെ വലിച്ചിഴച്ചത്. അതിനിടയിൽ തന്നെ സലാം തൊഴിക്കുകയായിരുന്നു എന്ന രമ ആരോപിച്ചു. സംഭവത്തിൽ സലാമിനെതിരെ നടപടിയെടുക്കണമെന്നും വടകര എംഎൽഎ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്നതായി ആരോപിച്ച് യുഡിഎഫ് എംഎൽഎമാർ സഭയിലെ സ്പീക്കറിന്റെ ഓഫീസിന്റെ മുന്നിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ ചാലക്കുടി എംഎൽഎ ടിജെ സനീഷ് കുമാർ ജോസഫ് കുഞ്ഞുവീണു. തന്നെ വാച്ച് ആൻഡ് വാർഡുകൾ മർദ്ദിച്ചതായി സനീഷ് കുമാർ ആരോപിച്ചു. ഇദ്ദേഹത്തെ സഭയിലെ ഡോക്ടർമാർ പരിശോധിക്കുകയാണ്. വനിത എംഎൽഎമാരായ ഉമതോമസ്, കെകെ രമ എന്നിവർക്കും മർദ്ദനമേറ്റതായി യുഡിഎഫ് എംഎൽഎമാർ ആരോപിച്ചു.
സ്പീക്കർ തുടർച്ചയായി അടിയന്തര പ്രമേയങ്ങൾ അവതരിപ്പിക്കാൻ സമ്മതിക്കുന്നില്ലെന്ന് പ്രതിപക്ഷം പറയുന്നു. സ്പീക്കർ പരിഹാസ കഥാപാത്രമായി മാറിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിലേക്ക് ഒരു കാരണവുമില്ലാതെ വാച്ച് ആൻഡ് വാർഡുകൾ ബലം പ്രയോഗിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു.