നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
നിയസഭയില്‍ പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മിലുണ്ടായ സംഘർഷത്തിൽ എം.എൽഎമാർക്ക് പരുക്കേറ്റതായി കോൺഗ്രസ് ആരോപിച്ചിരുന്നു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
സ്പീക്കർ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞു വീണു.