ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ നടത്താനിരുന്ന സത്യഗ്രഹത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധന പ്രശ്നം ഉന്നയിച്ചാണ് സത്യഗ്രഹം 10ന് തുടങ്ങാനിരിക്കെ അനുമതി നിഷേധിച്ചത്. രാജ്ഘട്ടിനു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരാൻ അനുമതിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ പൊലീസ് അറിയിച്ചു.
സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ എത്താനിരിക്കെയാണ് അനുമതി നിഷേധിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് രാജ്ഘട്ടിൽ സത്യഗ്രഹമിരിക്കാൻ തീരുമാനിച്ചത്. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുൻപിലോ, പ്രത്യേകം തയാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസി നിർദേശം. കേരളത്തിൽ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിലാണ് സത്യഗ്രഹം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും.
അതേസമയം, യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റിലേക്ക് പ്രകടനം നടത്തും. കേരളത്തിൽ നിന്ന് അടക്കമുള്ള നേതാക്കളോട് ഉടൻ ഡൽഹിയിലെത്താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. നാളെ പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾക്കൊപ്പം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ കോൺഗ്രസ് അടുത്തയാഴ്ച അപ്പീല്‍ നല്‍കിയേക്കും. കോടതി വിധിയെ തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്.