കൊച്ചി: ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടർ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നിലവിൽ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയർഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങൾ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.
110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നത്. നേരത്തെയുണ്ടായ തീപ്പിടത്തത്തിൽ 12 ദിവസങ്ങൾക്ക് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്.