Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാക്കിയിട്ട ഗുണ്ടാപ്പട അത്താഴപ്പട്ടിണിക്കാരുടെ നേര്‍ക്ക് കയ്യോങ്ങുന്നു; കൊലക്കേസെടുക്കണം: കെ.സുധാകരന്‍

കാക്കിയിട്ട ഗുണ്ടാപ്പട അത്താഴപ്പട്ടിണിക്കാരുടെ നേര്‍ക്ക് കയ്യോങ്ങുന്നു; കൊലക്കേസെടുക്കണം: കെ.സുധാകരന്‍

തിരുവനന്തപുരം: കൈ കാണിച്ചിട്ട് വാഹനം നിര്‍ത്തിയില്ലെന്ന കാരണത്താല്‍ സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പൊലീസിന്റെ നടപടി കിരാതമാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തൃപ്പൂണിത്തുറ സംഭവത്തിലെ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കണ്ണില്‍ പൊടിയിടുന്ന നടപടിയെടുത്തു സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി തെരുവില്‍ നേരിടും.

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ചങ്ങലയ്ക്കു ഭ്രാന്ത് പിടിച്ചതുപോലെ സാധാരണക്കാരുടെ മേല്‍ കുതിര കയറുന്ന മനോനിലയാണു പൊലീസിന്. പൂര്‍ണ സംരക്ഷണം നൽകുന്ന ഭരണകൂടമാണ് അവര്‍ക്കു പ്രചോദനം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ ഇത് വെറും ഒറ്റപ്പെട്ട സംഭവം മാത്രമായിരിക്കും. മുഖ്യമന്ത്രിക്ക് കുടുംബം ഉള്ളതുപോലെ ഇവര്‍ക്കും കുടുംബമുണ്ടെന്ന് മറക്കരുത്. ആ കുടുംബത്തിന്റെ അത്താണിയെ നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവാദി സര്‍ക്കാരും ആഭ്യന്തര വകുപ്പുമാണ്.

തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള അത്താഴപ്പട്ടിണിക്കാരുടെ നേര്‍ക്ക് കയ്യോങ്ങാന്‍ കാക്കിയിട്ട ഗുണ്ടാപ്പടയ്ക്ക് കഴിയും. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് സ്വര്‍ണം കടത്തിയവരെയും സിപിഎമ്മിന് വേണ്ടി കൊല നടത്തുന്ന കൊടി സുനിമാരെയും സ്ത്രീപീഡകരെയും കാണുമ്പോള്‍ പൊലീസ് പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കും. രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയും പിണറായിയുടെ പൊലീസ് നരനായാട്ടാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനായിരുന്നു അത്.

തെരുവുഗുണ്ടകളെ പോലെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പൊലീസ് പെരുമാറിയത്. മോദിയെ തൊട്ടാല്‍ പിണറായിക്കാണ് പൊള്ളുന്നത്. ഈ തീക്കളി അവസാനിപ്പിക്കാന്‍ പൊലീസും മുഖ്യമന്ത്രിയും തയാറായില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. കേരള പൊലീസിന്റെ കെടുകാര്യസ്ഥതയും ഗുണ്ടായിസവും നാള്‍ക്കുനാള്‍ കൂടി വരികയാണ്. 60,000 പൊലീസുകാരെക്കൊണ്ട് മൂന്നരക്കോടി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാമെന്നു മുഖ്യമന്ത്രി കരുതിയാല്‍ ആഭ്യന്തര മന്ത്രിയെയും കാക്കിക്കുള്ളിലെ ക്രിമിനലുകളെയും ജനം തെരുവില്‍ വിചാരണ ചെയ്യുന്ന കാലം വിദൂരമല്ലെന്നും സുധാകരന്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments