വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ നടന്ന അട്ടിമറിയുടെ ചുരുളഴിച്ചത് രമേശ് ചെന്നിത്തലയാണ്. സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയിൽ ഒതുക്കാൻ ആയിരുന്നു എസ്എച്ച്ഒയുടെ ശ്രമമെന്ന് ചെന്നിത്തല പറഞ്ഞു. ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെയാണ് എസ്എഫ്ഐ നേതാക്കൾ പ്രതികളായത്. ഡിവൈഎസ്പിയെ സിപിഐഎം നേതാവ് സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
സിദ്ധാർത്ഥിന്റെ മരണം തേച്ചുമാച്ചുകളയാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നു. പ്രതികളെ അന്വേഷിച്ചുപോയ പൊലീസ് ഉദ്യോഗസ്ഥന്മാരെ മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തുകയും ഡിവൈഎസ്പിയോട് തട്ടിക്കയറുകയും അറസ്റ്റ് ചെയ്ത പ്രതികളെ മോചിപ്പിക്കാനും ശ്രമം നടന്നു.
സിദ്ധാർത്ഥിനെ ആശുപത്രിയിലെത്തിച്ച സമയം മുതൽ അട്ടിമറി ശ്രമം നടന്നു. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായതെന്നും സിദ്ധാർത്ഥിന് പ്രണയനൈരാശ്യമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വരുത്തിത്തീർക്കാൻ പൂക്കോട് എസ്എച്ച്ഒ ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി കെ ശശീന്ദ്രൻ പൊലീസിനെ ഭീഷണിപ്പെടുത്തിയതുമൂലമാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടാകാതിരുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.