മോദി പ്രതിഷേധിക്കാനുള്ള അവകാശവും നിഷേധിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. സമാധാനപരമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്തു. യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച കാരണമെന്താണ് പ്രധാനമന്ത്രി വ്യക്തമാക്കണം. നീതിക്കും സത്യത്തിനും വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം തുടരുമെന്നും കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം പൊലീസ് വിലക്കുകയായിരുന്നു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ സ്ഥലങ്ങളിലായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫ്ലാഷ് തെളിച്ച് പ്രതിഷേധിച്ചു. പലയിടത്തും നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതോടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി.
രാത്രി 7 മണിയോടെയാണ് പന്തം കൊളുത്തി പ്രതിഷേധത്തിനായി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചെങ്കോട്ടയിലേക്കെത്തിയത്. എന്നാല്‍, പന്തംകൊളുത്തി പ്രകടനം നടത്തിയാല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മാര്‍ച്ചിന് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.