കെപിസിസി വിശാല എക്സിക്യൂട്ടിവിൽ വൈകാരികമായി പ്രതികരിച്ച് കെ സുധാകരൻ. പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് സുധാകരൻ പറഞ്ഞു. പുനസംഘടന അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും സഹകരിക്കണമെന്നും അദ്ദേഹം കൈകൂപ്പി അഭ്യർത്ഥിച്ചു.
യോഗത്തിൽ പരസ്പര വിമർശനവുമായി നേതാക്കൾ രംഗത്തുവന്നു. മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ശശി ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു. പുനസംഘടന വൈകുന്നതിനെതിരെയും നേതാക്കൾ രംഗത്തെത്തി.
മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു മായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ സീനിയർ നേതാക്കളെ വേണ്ടത്ര പരിഗണിച്ചില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ശശി തരൂരിനെതിരെ ജോൺസൺ എബ്രഹാം, അൻവർ സാദത്ത്, പി ജെ കുര്യൻ തുടങ്ങിയവർ രൂക്ഷ വിമർശനമുന്നയിച്ചു. പാർട്ടിയിൽ അരിക്കൊമ്പൻമാരെ വളർത്തരുതെന്ന് അൻവർ സാദത്ത് പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവന കോൺഗ്രസ് പ്രവർത്തകർക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും അൻവർ സാദത്ത് ആരോപിച്ചു.
ഘടക കക്ഷികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്ന ശശി തരൂരിൻ്റെ പ്രസ്ഥാവന കോൺഗ്രസിന്റെ വില പേശൽ ശേഷി കുറച്ചെന്ന് ജോൺസൺ എബ്രഹാമിന്റെ വിമർശനം. പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ തരൂരിന് എന്ത് അവകാശം എന്നായിരുന്നു പി.ജെ കുര്യൻ്റെ ചോദ്യം. സംഘടനാ ബോധം കെപിസിസി അധ്യക്ഷൻ അദ്ദേഹത്തെ ധരിപ്പിക്കണമെന്നും പി.ജെ കുര്യൻ. രാഹുൽ ഗാന്ധി വിഷയത്തിൽ കെപിസിസിയുടെ പ്രതിഷേധങ്ങൾക്ക് ശക്തി പോരെന്നായിരുന്നു ഷാനിമോൾ ഉസ്മാൻ്റെ അഭിപ്രായം. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ വനിതാ നേതൃത്വത്തെ പരിഗണിച്ചില്ലെന്നും ഷാനിമോളിൻ്റെ പരാതി.
അത്ത പൂക്കളത്തിൽ നായകേറിയിരിക്കുന്നത് പോലെയാണ് കോൺഗ്രസ് പരിപാടികളുടെ അവസാനം എന്ന് എം.എം നസീർ. എത്ര നന്നായി സംഘടിപ്പിച്ചാലും അവസാനം നേതാക്കൾ തന്നെ പ്രശ്നം ഉണ്ടാക്കുന്നുവെന്നും നസീർ പറഞ്ഞു. പുനഃസംഘടന വൈകുന്നതും യോഗത്തിൽ ചർച്ചയായി.