Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പ് ഹൗസുകളില്‍ ബിജെപി നേതാക്കള്‍; 'ചെകുത്താന്റെ ചിരി' തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പ് ഹൗസുകളില്‍ ബിജെപി നേതാക്കള്‍; ‘ചെകുത്താന്റെ ചിരി’ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ്

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി ദേശീയ, സംസ്ഥാന നേതാക്കളാണ് ഈസ്റ്ററോട് അനുബന്ധിച്ച് വിവിധ ദേവാലയങ്ങളും ബിഷപ്പ് ഹൗസുകളിലും സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശിക്കും. കേരളത്തിലും ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ പുരോഹിതന്‍മാരുമായി ഈസ്റ്റര്‍ ദിനത്തില്‍ കൂടിക്കാഴ്ച നടത്തി. ബിഷപ്പ് ഹൗസുകളിലുള്‍പ്പെടെ നേരിട്ടെത്തിയായിരുന്നു ബിജെപി നേതാക്കള്‍ ആശംസകള്‍ നേര്‍ന്നത്.

കർദിനാള്‍ ജോർജ് ആലഞ്ചേരിയെ നേതാക്കൾ സന്ദർശിച്ചു. ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഡോ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ എസ് ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ് സജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ലത്തീന്‍ കത്തോലിക്കാ സഭയുടെ കോഴിക്കോട് ആസ്ഥാനത്തെത്തി വര്‍ഗ്ഗീസ് ചക്കാലക്കല്‍ പിതാവിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റര്‍ ആശംസാ സന്ദേശം കൈമാറി. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ കേന്ദ്ര മന്ത്രി വി മുരളീധരനും സന്ദര്‍ശിച്ചു. അതേസമയം, ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തിന് എതിരെ കേരളത്തിലെ ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് എതിരെ ഉയര്‍ത്തിയത്. രാജ്യത്തിന്റെ പലയിടങ്ങളില്‍ ക്രൈസ്തവര്‍ക്ക് എതിരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബിജെപി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനുമാണെന്ന് കര്‍ണാടകത്തില്‍ ഒരു ബിജെപി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നുവെന്നും സതീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവര്‍ക്കെതിരായ ക്രൂരതകളും മറച്ചുവയ്ക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടക മന്ത്രിസഭയിലെ പ്രമുഖനായി ബിജെപി നേതാവ് പറഞ്ഞതെന്ന് കെ സുധാകരനും ആവര്‍ത്തിച്ചു. ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു. ബിജെപിക്ക് രണ്ട് മുഖമാണെന്ന് ശശി തരൂരും പ്രതികരിച്ചു. ഒരു ഭാഗത്ത് ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ മറുഭാഗത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വർധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കും എതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ബിജെപി നേതാക്കൾ. മോദിയുടെ പ്രസംഗം മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വമുഖമാണ് കാണേണ്ടതെന്നും തരൂർ പറഞ്ഞു.

എന്നാല്‍ പരിഹാസങ്ങള്‍ തള്ളിയ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്നേഹ സന്ദേശം കൈമാറുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞകാലങ്ങളില്‍ പതിനഞ്ച് ശതമാനത്തോളം വോട്ട് ബിജെപിക്ക് കിട്ടിയിട്ടുള്ള സംസ്ഥാനമാണ് കേരളമെന്നും അവിടുന്ന് മുന്നോട്ട് പോകാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ എന്തിനാണ് മറ്റുള്ളവരിത്ര വെപ്രാളപ്പെടുന്നതെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോണ്‍ഗ്രസിനെ പോലെ ഒരു കുടുംബത്തിനോ ഉപചാപക സംഘത്തിനോ വീതം വയ്ക്കാനുള്ളതല്ല പാര്‍ട്ടിയെന്നും അര്‍ഹതയുള്ളവര്‍ക്കും കഴിവുള്ളവര്‍ക്കും ഏതറ്റം വരെ പോകാനുള്ള വാതിലുകളും ബിജെപിയിലുണ്ടെന്നും അനില്‍ ആന്റണി ബിജെപിയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള പ്രതികരണമായി സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com