ന്യൂഡൽഹി: കേരളത്തിലേക്കു മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി നൽകിയ ഹർജിയിൽ അനുകൂല ഉത്തരവുമായി സുപ്രീം കോടതി. മഅദനിയുടെ അപേക്ഷ പരിഗണിച്ച് മഅദനിക്ക് കേരളത്തിലേക്കു വരാൻ സുപ്രീം കോടതി അനുമതി നൽകി. കർണാടക പൊലീസ് അനുഗമിക്കണം, കേരള പൊലീസ് മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് മഅദനിക്ക് കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ഏതാനും ആഴ്ചകളിലേക്കാണ് ഈ ഇളവെന്നാണ് റിപ്പോർട്ട്.
കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍സ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ. കർണാടക സർക്കാരിന്റെയും കർണാടക ഭീകര വിരുദ്ധ സെല്ലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ് മഅദനിക്ക് കേരളത്തിലേക്കു വരാൻ അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനേരം വാദം കേട്ടപ്പോഴേയ്ക്കും ശക്തമായ വിയോജിപ്പാണ് കർണാടക അറിയിച്ചത്. ഗുരുതരമായ കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും അന്തിമ വിചാരണയ്ക്ക് 5 മാസം കൂടിയേ എടുക്കൂ എന്നും കർണാടക സർക്കാർ അറിയിച്ചിരുന്നു. ഇത്രയും കാത്തിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി ഇതു കൂടി പൂർത്തിയാക്കിക്കൂടെയെന്നു ചോദിക്കുകയും ചെയ്തു.
പുതിയ സത്യവാങ്മൂലം കൂടി സമർപ്പിക്കാനുണ്ടെന്ന കർണാടകയുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഹർജി ഇന്നത്തേക്കു മാറ്റിയത്. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ഇളവ് നൽകി കേരളത്തിൽ പോകാൻ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, വിചാരണ പൂർത്തിയായതും ജാമ്യവ്യവസ്ഥകൾ പാലിച്ചതും മഅദനിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. ആരോഗ്യനില വഷളായെന്നും ഓർമക്കുറവും കാഴ്ച പ്രശ്നങ്ങളുമുണ്ടെന്നുമാണ് അപേക്ഷയിലുള്ളത്. 12 വർഷം ജയിലിലും 8 വർഷം ഉപാധികളോടെ ജാമ്യത്തിലും കഴിഞ്ഞതായും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് വാദങ്ങൾ കേട്ടശേഷം മഅദനിക്ക് കേരളത്തിലേക്കു വരാൻ അനുമതി നൽകുകയായിരുന്നു.