എഐ ക്യാമറ, കെ ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കും. ജുഡീഷ്യൽ അന്വേഷണം വേണമെന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യത്തോടു സർക്കാർ മുഖം തിരിക്കുന്നതു ഭയം മൂലമാണെന്നും മാനദണ്ഡങ്ങൾ ലംഘിച്ചു കരാർ നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിട്ടും മറുപടി നൽകാതെ സർക്കാരും സിപിഎം നേതാക്കളും ഓടിയൊളിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. നിയമ പോരാട്ടങ്ങൾക്കൊപ്പം സമര പരമ്പരകൾക്കും തുടക്കം കുറിക്കും.
തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ചു പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല. കനത്ത ദാരിദ്ര്യത്തിലും മുണ്ടു മുറുക്കിയുടുത്തു നികുതിയടയ്ക്കുന്ന പൊതുജനത്തിന്റെ പണമാണു സംഘം ചേർന്നു കൊള്ളയടിക്കുന്നത്. കരാറിനു പിന്നിലെ സത്യാവസ്ഥ പുറത്തു വരുന്നതു വരെ പിഴ ഈടാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ക്യാമറ, കെ ഫോൺ പദ്ധതികളുടെ മറവിൽ കോടികൾ കമ്മീഷൻ ലഭിക്കുന്ന ഇടപാടുകളാണു നടന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ നിന്നു മുഖ്യമന്ത്രി പതിവുപോലെ ഓടിയൊളിക്കുന്നു. പദ്ധതിയിലെ ക്രമക്കേട് 2 വർഷം മുൻപേ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അറിയാമായിരുന്നു. അന്നതു പരിശോധിക്കാൻ തയ്യാറാകാത്ത പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോൾ നടത്തുന്ന അന്വേഷണം പ്രഹസനമാണ്.
സർക്കാരിന്റെ പണം ഉപയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടം കടലാസ് കമ്പനികളുടെ അക്കൗണ്ടിലേക്കു പോകുന്ന വിചിത്ര വ്യവസ്ഥയാണു കൺസോർഷ്യം വെട്ടിപ്പ്. എഐ ക്യാമറ പദ്ധതിയിൽ കോടികൾ കൊള്ളയടിക്കാൻ ഉണ്ടാക്കിയ കൺസോർഷ്യം തട്ടിപ്പാണു കെ ഫോണിലും ഉള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുവുമായി അടുത്ത ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് ഒരു രൂപ മുതൽ മുടക്കോ നിക്ഷേപമോ ഇല്ലാതെ 60 ശതമാനം ലാഭം സ്വന്തമാക്കാൻ സാഹചര്യമൊരുക്കിയതിനു പിന്നിലെ ബാഹ്യശക്തി ഏതാണെന്നു കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.