കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പാര്‍ട്ടിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞു. കോണ്‍ഗ്രസ്-തൃണമൂല്‍ ബന്ധം സംഘര്‍ഷമായി തുടരുമ്പോഴും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് മമത ബാനര്‍ജി പ്രാദേശിക പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ പരസ്പരം ആക്രമിക്കുന്ന രീതിയാണ് ഇരുപാര്‍ട്ടികളും സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഗോവ, മേഘാലയ, പശ്ചിമബംഗാള്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നതും വാര്‍ത്തയായിരുന്നു. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസും ഒരുക്കമാണ് എന്ന സൂചനയാണ് മമത ബാനര്‍ജി നല്‍കുന്നത്.
” എവിടെയൊക്കെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ശക്തമായ സ്വാധീനമുള്ളത് അവിടെയൊക്കെ പോരാടാന്‍ അനുവദിക്കണം. ഞങ്ങള്‍ അവരെ പിന്തുണയ്ക്കും. അതില്‍ ഒരു തെറ്റുമില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അവരും പിന്തുണയ്ക്കണം,” മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കര്‍ണ്ണാടകയിലും ഞാന്‍ നിങ്ങളെ പിന്തുണച്ചു. എന്നാല്‍ നിങ്ങള്‍ എല്ലാ ദിവസവും എന്നോട് പോരാടിക്കൊണ്ടിരിക്കുന്നു. അതൊരു ശരിയായ നടപടിയല്ല,” എന്നും മമത പറഞ്ഞു.
പ്രാദേശിക പാര്‍ട്ടികള്‍ക്കും കൂടി പ്രാധാന്യം നല്‍കുന്ന ഒരു സീറ്റ് വിഭജനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. ” ശക്തരായ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യം നല്‍കണം. പ്രാദേശിക പാര്‍ട്ടികള്‍ ശക്തരായിരിക്കുന്നിടത്ത് ബിജെപിയ്ക്ക് പിടിച്ച് നില്‍ക്കാനാകില്ല. ജനങ്ങള്‍ അസ്വസ്ഥരാണ്. സമ്പദ്വ്യവസ്ഥ തകര്‍ന്നുക്കൊണ്ടിരിക്കുന്നു. ജനാധിപത്യ ഭരണക്രമം തകരുന്നു. ഗുസ്തിക്കാരെപ്പോലും വെറുതെ വിടുന്നില്ല. അതിനാല്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ പ്രദേശത്ത് അവര്‍ക്ക് തന്നെ പ്രാധാന്യം നല്‍കണം,’ മമത പറഞ്ഞു.
ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ സ്ഥിതി ഉദ്ധരിച്ചായിരുന്നു മമതയുടെ പ്രസ്താവന. നിലവില്‍ യുപിയില്‍ അഖിലേഷ് യാദവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിയ്ക്കും പ്രാധാന്യം നല്‍കണമെന്നും മമത ചൂണ്ടിക്കാട്ടി. ”യുപിയില്‍ കോണ്‍ഗ്രസ് മത്സരിക്കരുത് എന്നല്ല ഞാന്‍ പറയുന്നത്. നമുക്ക് തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടല്ലോ. അന്തിമ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലല്ലോ,” മമത പറഞ്ഞു.
അതേസമയം കര്‍ണ്ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തെപ്പറ്റിയും മമത പ്രതികരിച്ചു. ശരിയായ തീരുമാനമെടുത്ത കര്‍ണ്ണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മമത പറഞ്ഞു. മധ്യപ്രദേശിലും ,ഛത്തീസ്ഗഢിലും ബിജെപി തിരിച്ചടി നേരിടുമെന്നും മമത പറഞ്ഞു.
മമതയോടുള്ള കോണ്‍ഗ്രസ് പ്രതികരണം
അതേസമയം മമത ബാനര്‍ജിയോട് അതൃപ്തി രേഖപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവിന് വേണ്ടി പോലും രംഗത്ത് എത്താത്തയാളാണ് മമതയെന്നാണ് അദ്ദേഹം പറഞ്ഞത്. ” മമത ബാനര്‍ജി യുപിയിലും, ബീഹാറിലും സന്ദര്‍ശനം നടത്തി. എന്നാല്‍ കോണ്‍ഗ്രസിനായി കര്‍ണ്ണാടകയില്‍ എത്തിയിരുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് വിജയച്ചപ്പോള്‍ ഇനി കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്ന് മമതയ്ക്ക് മനസ്സിലായി,” അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
” സോണിയ ഗാന്ധി ഇല്ലായിരുന്നുവെങ്കില്‍ 2011ല്‍ ബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ മമതയ്ക്ക് കഴിയില്ലായിരുന്നു. പിന്നീട് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ നിങ്ങള്‍ ശ്രമിച്ചില്ലേ?,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മമത ബാനര്‍ജിയുടെ പ്രസ്താവനയെ അഭിനന്ദിച്ച് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ഐക്യത്തിന് ഗുണം ചെയ്യുന്ന പ്രസ്താവനയാണ് മമതയുടേത് എന്നാണ് അദ്ദേഹം പറഞ്ഞത്.