Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുവിശേഷകനെ വിശ്വസിച്ച് സ്വർഗം കാണാൻ പട്ടിണി കിടന്ന് നൂറിലേറെപ്പേരുടെ മരണം; ലോകത്തെ നടുക്കി കെനിയ

സുവിശേഷകനെ വിശ്വസിച്ച് സ്വർഗം കാണാൻ പട്ടിണി കിടന്ന് നൂറിലേറെപ്പേരുടെ മരണം; ലോകത്തെ നടുക്കി കെനിയ

ദൈവത്തെ കാണാം എന്ന് വിശ്വസിച്ച് കെനിയയിൽ സ്വയം പട്ടിണി മരണം വരിച്ചത് നൂറുകണക്കിനാളുകൾ. സുവിശേഷ പ്രാസംഗികനും ക്രിസ്തുമത ഉപദേശിയുമായ പോൾ തെങ്കെ മക്കൻസിയുടെ അനുയായികളായ ഒരു സംഘം വിശ്വാസികളാണ് ദാരുണമായ മരണത്തിന് ഇരകളായത്. കെനിയയിലെ മലിൻഡിയിലാണ് രാജ്യത്തെയും ലോകത്തെയും ഒരുപോലെ നടുക്കിയ സംഭവം.

പട്ടിണി കിടക്കുന്നത് മോചനത്തിലേക്കുള്ള പാതയാണെന്ന മക്കൻസിയുടെ പ്രചാരണം വിശ്വാസത്തിലെടുത്ത 201 പേർ മരിച്ചതായാണ് എഎഫ്പിയെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 22 മൃതശരീരങ്ങൾ കൂടി കഴിഞ്ഞ ദിവസം മലിൻഡി നഗരത്തിന് സമീപമുള്ള ഷകഹോള വനത്തിൽ നിന്ന് കണ്ടെത്തിയതോടെ, ഇരകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടായേക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെല്ലാം മക്കൻസിയുടെ ആഹ്വാനത്തെത്തുടർന്ന് യേശുവിനെ കാണാനായി ജീവത്യാഗം ചെയ്യാൻ തയ്യാറെടുത്ത് ഷകഹോള വനത്തിലെത്തിച്ചേർന്നവരാണെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ഭക്ഷണം കഴിക്കാൻ തയ്യാറാകാതെ സ്വയം പട്ടിണി കിടന്നിരുന്ന നൂറുകണക്കിനാളുകളുടെ മനസ്സു മാറ്റാൻ താൻ പരമാവധി ശ്രമിച്ചുവെന്നും, എന്നാൽ അവർ പട്ടിണി കിടന്ന് മരണം വരിക്കാനും യേശുവിനെ കാണാനും മാത്രം ആഗ്രഹിക്കുന്നവരായിരുന്നെന്നും ഷകഹോള വനം സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകൻ വിക്ടർ കാവുഡോ പറയുന്നു.

സംഭവത്തിൽ മക്കൻസി ഉൾപ്പടെ 26 പേരെ കെനിയൻ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. വിശ്വാസികളാരും ഉപവാസം മുടക്കുകയോ വനത്തിനുള്ളിലെ താവളത്തിൽ നിന്നും ജീവനോടെ തിരിച്ചുപോകുകയോ ചെയ്യില്ല എന്ന് ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ടിരുന്ന അനുയായികളുടെ സംഘവും അറസ്റ്റു ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പട്ടിണി ആണ് മുഖ്യ മരണകാരണമെങ്കിലും കുട്ടികളടക്കമുള്ള ചില ഇരകൾ മർദ്ദിക്കപ്പെട്ടതായും ശ്വാസം മുട്ടി മരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചത് കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. എണ്ണൂറേക്കറോളം വരുന്ന ഷകഹോള വനപ്രദേശമാകെ പട്ടിണികിടന്ന് മരിച്ച വിശ്വാസികളുടെ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതായവരിൽ പലരും രഹസ്യ കല്ലറകളിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. സ്വയം ക്രൂശിതരായി ദൈവത്തെ കാണാനുള്ള മക്കൻസിയുടെ നിർദ്ദേശം ശിരസ്സാവഹിക്കുകയായിരുന്നു ഇവരെല്ലാം.

ഇത്രയധികം പേരെ പട്ടിണി കിടന്ന് മരിക്കാൻ പ്രേരിപ്പിക്കാൻ ഒരു വ്യക്തിക്ക് എങ്ങനെ സാധിച്ചു എന്ന ഞെട്ടലിലാണ് നാട്ടുകാരും അധികൃതരും. ആരെയും വാക്ചാതുരി കൊണ്ട് വശത്താക്കാനുള്ള മക്കൻസിയുടെ കഴിവാണ് ഇതിനു പിന്നിലെന്ന് സംഭവവുമായി ബന്ധപ്പെട്ടവർ പറയുന്നു. ലോകാവസാനത്തെക്കുറിച്ചുള്ള ഭീതിദമായ വിവരണങ്ങൾ നൽകി ആരിലും ഭയമുണ്ടാക്കാൻ മക്കൻസിക്ക് സാധിച്ചിരുന്നു.

നേരത്തേ ടാക്‌സി ഡ്രൈവർ ആയി ജോലി നോക്കിയിരുന്ന മക്കൻസി, പിന്നീട് സുവിശേഷ പ്രാസംഗികനായി മാറുകയായിരുന്നു. ഇതിനായി 2002ൽ മക്കൻസി ഒരു ടെലിവിഷൻ ചാനൽ തന്നെ തുടങ്ങുകയും ചെയ്തു. തുടർന്ന് മതപ്രചാരണത്തിനായി മക്കൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ എന്ന പേരിൽ സ്വന്തമായി ഒരു പള്ളിയും ആരംഭിച്ചു.

ആദ്യ കാലത്ത് മക്കൻസിയുടെയും പള്ളിയുടെയും പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും വിശ്വാസത്തിലൂടെ മോചനം എന്ന സുവിശേഷത്തിൽ മാത്രം അധിഷ്ഠിതമായിരുന്നുവെന്നും അനുയായികൾ ഓർക്കുന്നു. എന്നാൽ, മതപ്രചാരണത്തേക്കാളുപരി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് പിന്നീട് മക്കൻസി മാറുകയും, ലോകാവസാനത്തെക്കുറിച്ചുള്ള തെറ്റായ പ്രവചനങ്ങളും മറ്റും നടത്തിത്തുടങ്ങുകയും ചെയ്തുവെന്ന് ഗുഡ് ന്യൂസ് പള്ളിയുടെ മുൻകാല പാസ്റ്റർമാരിലൊരാളായ ടൈറ്റസ് കടാന പറയുന്നു.

2017 ആയപ്പോഴേക്കും വിശ്വാസികൾ ആശുപത്രികളിൽ പോയി ഡോക്ടർമാരെ കാണുന്നതിനെതിരെയും, കുട്ടികളെ വിദ്യാലങ്ങളിൽ വിട്ട് പഠിപ്പിക്കുന്നതിനെതിരെയും മക്കൻസി പ്രചാരണമാരംഭിച്ചു. സ്വന്തമായി സ്‌കൂൾ തുടങ്ങുകയും, രോഗങ്ങൾ ഭേദമാക്കാനുള്ള സവിശേഷമായ ശേഷി തനിക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത മക്കൻസി, പതിയെ അതുവഴി പണമുണ്ടാക്കാനും തുടങ്ങി.

വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും പാപഫലങ്ങളെക്കുറിച്ച് തന്നോട് ദൈവം വെളിപ്പെടുത്തിയതായി മക്കൻസി പറഞ്ഞിരുന്നു. അവിടെ നിന്നുമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് കടാന ഓർക്കുന്നു.

ലോകം അവസാനിക്കാൻ പോവുകയാണെന്നും, കെനിയയിലെ ഷകഹോള വനങ്ങളാണ് മോചനത്തിന്റെയും സ്വർഗ്ഗത്തിലേക്കുമുള്ള പാതയെന്നും തന്റെ അനുയായികളെ വിശ്വസിപ്പിക്കുകയായിരുന്നു മക്കൻസിയുടെ അടുത്ത നീക്കം. ദൈവത്തിന്റെ അടുത്തെത്താൻ ഭക്ഷണം ഉപേക്ഷിക്കാനായിരുന്നു നിർദേശം. ദൈവതുല്യനായി സ്വയം ചിത്രീകരിച്ചിരുന്ന മക്കൻസി, താൻ താമസിച്ചിരുന്ന സ്ഥലത്തെ ഗലീലി എന്നാണ് വിളിച്ചിരുന്നത്. യേശു തന്റെ ജീവിതകാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതായി കരുതപ്പെടുന്ന പലസ്തീനിയൻ പ്രദേശമാണ് ഗലീലി.

പട്ടിണി കിടന്നുകൊണ്ടുള്ള കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്നതായിരുന്നു മക്കൻസി അനുയായികൾക്ക് നൽകിയിരുന്ന നിർദ്ദേശങ്ങളെല്ലാം. യുവാക്കളായിരിക്കണം ആദ്യം മരിക്കേണ്ടതെന്നും, വേഗത്തിൽ മരണം വരിക്കാനായി ഭക്ഷണമുപേക്ഷിച്ച് വെയിലത്ത് ഇരിക്കണമെന്നും മക്കൻസി അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്ത്രീകളും അതിനു ശേഷം പുരുഷന്മാരും ജീവനുപേക്ഷിക്കണമെന്നായിരുന്നു മക്കൻസി മുന്നോട്ടുവച്ച പദ്ധതി.

തന്റെ അനുയായികളെയെല്ലാം ദൈവത്തെ കാണാൻ സഹായിച്ച ശേഷം, ഒടുവിൽ താനും പട്ടിണി കിടന്ന് മരിക്കുമെന്ന് മക്കൻസി പറഞ്ഞിരുന്നതായി കടാന വെളിപ്പെടുത്തുന്നു. ലോകാവസാനം ഉടൻ തന്നെ സംഭവിക്കുമെന്നും അതിനു മുൻപ് ഇതെല്ലാം നടന്നിരിക്കണമെന്നുമായിരുന്നു മക്കൻസിയുടെ കണക്കുകൂട്ടൽ. ‘ഒമ്പതു വർഷമായി ലോകാവസാനത്തെക്കുറിച്ച് പ്രചാരണം നടത്തുവാൻ ഞാൻ നിനക്ക് നൽകിയിരുന്ന ജോലി അവസാനിക്കാറായിരിക്കുന്നു’വെന്ന് യേശുവിന്റെ സ്വരം തന്നോട് പറയുന്നത് കേട്ടതായി മക്കൻസി മാർച്ചിൽ പുറത്തുവിട്ട ഒരു വീഡിയോയിലും പറയുന്നുണ്ട്.

മക്കൻസി സ്വർഗത്തിലേക്കുള്ള പാതയെന്ന് അവകാശപ്പെട്ട പ്രദേശം പട്ടിണി കിടന്ന് മരിച്ച നൂറുകണക്കിന് ആളുകളുടെ മൃതശരീരങ്ങൾ വഹിക്കുന്ന ശ്മശാനമാണിപ്പോൾ. ആയിരകണക്കിനാളുകൾ തങ്ങളുടെ ഉറ്റവരുടെ മൃതശരീരം അന്വേഷിച്ചും, ഇനിയും മരണപ്പെട്ടിട്ടില്ലാത്തവരെ പിന്തിരിപ്പിക്കാനും ഷകഹോള വനങ്ങളിൽ അലയുന്നു.

കെനിയയിൽ നിന്ന് മാത്രമല്ല മക്കൻസി ഇരകളെ കണ്ടെത്തിയത്. ടൈംസ് ടിവി എന്ന സുവിശേഷ ടെലിവിഷൻ ചാനൽ വഴി രാജ്യത്തിന്റെ പുറത്തും അനുയായികളെ സൃഷ്ടിക്കാൻ മക്കൻസിയ്ക്ക് കഴിഞ്ഞിരുന്നു. ആഫ്രിക്കയിലുടനീളം ടൈംസ് ടിവി മക്കൻസിയുടെ ഹിംസാത്മകമായ സുവിശേഷങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇന്റർനെറ്റ് വഴിയും മക്കൻസിയ്ക്ക് വലിയ പ്രചാരമുണ്ടായിരുന്നു. മക്കൻസിയുടെ വലയിൽ അകപ്പെട്ടവരിൽ വിദ്യാസമ്പന്നരുമുണ്ട്. ഷകഹോളയിൽ കാണാതായവരിൽ ഒരു നൈജീരിയൻ പൗരനും, കെനിയയിൽ നിന്നുള്ള ഒരു എയർ ഹോസ്റ്റസും ഉൾപ്പെടുന്നു.

‘അയാൾക്ക് പ്രത്യേകമായ ഒരു വശീകരണ ശക്തിയുണ്ട്. കെണിയിലേക്ക് ആളുകളെ ആകർഷിക്കാൻ പ്രത്യേക കഴിവുള്ള ഒരു ദുഷ്ടശക്തിയെപ്പോലെയാണ് അയാൾ.’ ഷകഹോള വനത്തിൽ പട്ടിണി കിടക്കുന്നവരിൽ ഒരാളുടെ സഹോദരിയായ എലിസബത്ത് സ്യോംബുവയുടെ വാക്കുകളാണിത്. മക്കൻസിയുടെ ടെലിവിഷൻ പരിപാടിയുടെ കടുത്ത ആരാധകരായിരുന്നു എലിസബത്തും സഹോദരനും. മൊംബാസയിലെ തയ്യൽ ഫാക്ടറിയിൽ നിന്നും ജോലി കഴിഞ്ഞ് തിരക്കിട്ടോടിയെത്തി താനും സഹോദരനും മക്കൻസിയുടെ പ്രഭാഷണം എന്നും കേൾക്കുമായിരുന്നെന്ന് എലിസബത്ത് പറയുന്നു. എലിസബത്തിനെപ്പോലെ, ഉറ്റവരെ ജീവനോടെ തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഷകഹോളയിലെത്തുന്ന പലരും.

മലിൻഡി നഗരം കേന്ദ്രീകരിച്ച് മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന വിക്ടർ കാവുഡോയെ അക്രമാസക്തമായാണ് മകൻസിയുടെ അനുയായികൾ നേരിട്ടത്. വിശ്വാസികളോട് സംസാരിക്കാനായി കാവുഡോ ഷകഹോള വനത്തിലെത്തിയിരുന്നു. കാവുഡോയുടെ ഉദ്ദേശം തിരിച്ചറിഞ്ഞ വിശ്വാസികളിൽ ചിലർ അദ്ദേഹത്തെ ആക്രമിക്കുകയാണ് ചെയ്തത്. പട്ടിണി കിടക്കുന്ന വിശ്വാസികളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ച കാവുഡോയെ കർത്താവിന്റെ ശത്രു എന്ന് മുദ്രകുത്തി സംഘംചേർന്ന് തുരത്തുകയായിരുന്നു.

ഇത്തരം സംഭവങ്ങൾ വിശ്വാസികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ വളരെ ബുദ്ധിമുട്ടേറിയതാക്കുമെന്ന സൂചനയാണ് കാവുഡോ വനത്തിൽ വച്ചെടുത്ത വീഡിയോ ദൃശ്യങ്ങളും നൽകുന്നത്. പട്ടിണികിടന്ന് മൃതപ്രായയായ ഒരു സ്ത്രീ തനിയ്ക്ക് ഭക്ഷണം നൽകാൻ ശ്രമിക്കുന്ന കാവുഡോയെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

എന്നാൽ, താൻ ആരോടും പട്ടിണി കിടക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് മക്കൻസി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. പുതിയ നിയമത്തിന്റെ അവസാന അധ്യായത്തിൽ, വെളിപാടിന്റെ പുസ്തകത്തിൽ ലോകാവസാനത്തിന്റെ ദുരിതങ്ങളെപ്പറ്റി പ്രവചിക്കുന്ന ഭാഗത്തെക്കുറിച്ചു മാത്രമാണ് താൻ സംസാരിച്ചതെന്നാണ് മക്കൻസിയുടെ അവകാശവാദം. ഏപ്രിലിൽ അറസ്റ്റു ചെയ്ത് വിട്ടയയ്ക്കപ്പെട്ട മക്കൻസിയെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകങ്ങൾക്കു പുറമേ തീവ്രവാദക്കുറ്റവും മറ്റ് കുറ്റകൃത്യങ്ങളും മക്കൻസിയ്ക്കു മേൽ ചുമത്തപ്പെട്ടിട്ടുണ്ട്.

ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ സാമൂഹ്യ പുരോഗതി കൈവരിച്ച രാജ്യങ്ങളിലൊന്നായി കരുതപ്പെടുന്ന കെനിയയിൽ നീതിന്യായ വ്യവസ്ഥയുടെ കണ്ണുവെട്ടിച്ച് ഇത്തരമൊരു ഭീകരകൃത്യം അരങ്ങേറിയെന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ജീവൻ നിലനിർത്തുക എന്ന അടിസ്ഥാന ആവശ്യത്തെപ്പോലും തഴഞ്ഞുകൊണ്ട് സ്വയം മരണം വരിക്കാൻ ജനങ്ങൾ തയ്യാറായി എന്നത് രാജ്യത്തെ നിയമ സംവിധാനത്തെയും, കെനിയൻ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തെയുമെല്ലാം സംശയത്തിന്റെ നിഴലിലാക്കുകയാണ്.

സംഭവം ലോകവ്യാപകമായി ചർച്ചയായതോടെ കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഇതേക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. മതസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനായി ഒരു കർമസേനയും നിയോഗിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, കൂട്ട ആത്മഹത്യയുടെ വാർത്ത പുറത്തുവന്നതോടെ അധികൃതർക്കെതിരെയും വലിയ വിമർശനങ്ങൾ ഉയരുകയാണ്. കുട്ടികളടക്കം വനത്തിൽ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് മറ്റു വിശ്വാസികളിൽ നിന്നും വിവരം ലഭിച്ചതോടെ അക്കാര്യം താൻ പൊലീസിനെ അറിയിച്ചിരുന്നെന്നും, എന്നാൽ പൊലീസ് വേണ്ട നടപടിയെടുക്കാൻ വളരെ വൈകിയെന്നും കടാന വിശദീകരിക്കുന്നു. മറ്റൊരു സുവിശേഷ സംഘത്തിന്റെ ഭാഗമായ മതപ്രചാരകൻ ദമാരിസ് മുതേതി പറയുന്നതിങ്ങനെ: ‘ജനങ്ങൾ വളരെ കോപാകുലരാണ്. അവർ കുറ്റപ്പെടുത്തുന്നത് മക്കൻസിയെയാണ്. എന്നാൽ, ഞാൻ കുറ്റപ്പെടുത്തുക സർക്കാരിനെയാണ്.’

അടിയുറച്ച ക്രിസ്തുമത വിശ്വാസിയായ കെനിയൻ പ്രസിഡന്റ് റൂട്ടോ മതപരമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വിമുഖത കാണിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാൽ, ഈ സംഭവത്തോടെ കഴിഞ്ഞയാഴ്ച മതമേലധ്യക്ഷന്മാരുടെയും നിയമവിദഗ്ധരുടെയും സംയുക്തമായ ഒരു യോഗം വിളിച്ചുകൂട്ടി കെനിയയുടെ കുത്തഴിഞ്ഞ മതവിശ്വാസ മേഖലയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞിരിക്കുകയാണ് അദ്ദേഹം 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com