ഡല്‍ഹി: കർണാടകയിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തരുതെന്ന് കര്‍ണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജെവാല. പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും സുർജെവാല പറഞ്ഞു.
ബി.ജെ.പി സർക്കാരിനെ കർണാടകയിലെ സഹോദരീ സഹോദരന്മാര്‍ തള്ളിക്കളഞ്ഞതില്‍ ബി.ജെ.പി നിരാശയിലാണ്. അവര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് നുണകള്‍ പടച്ചുവിടുകയാണ്. ഉത്തര്‍പ്രദേശ്, അസം, ഗോവ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ 10 ദിവസം വരെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബി.ജെ.പി എടുത്തിട്ടുണ്ട്. കര്‍ണാടകക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. പ്രകടന പത്രികയില്‍ പറഞ്ഞ അഞ്ചു പദ്ധതികള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കും. 48 – 72 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കുമെന്നും സുര്‍ജെവാല പറഞ്ഞു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് മുന്നോട്ട് വെച്ച ഫോർമുലകൾ ഒന്നും അംഗീകരിക്കാന്‍ ഡി.കെ ശിവകുമാർ തയ്യാറായിട്ടില്ല. മല്ലികാർജുൻ ഖാർഗെയുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തിയ ശേഷം മടങ്ങിയ ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. സിദ്ധരാമയ്യയും ശിവകുമാറും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമ്പോൾ സോണിയാ ഗാന്ധിയുടെ വസതിക്ക് മുമ്പിൽ ഡി.കെ അനുകൂലികൾ പ്രതിഷേധിക്കുകയായിരുന്നു.
കർണാടകയിൽ സിദ്ധരാമയ്യ പക്ഷം ആഘോഷങ്ങൾ തുടങ്ങിയെങ്കിലും ഡി.കെ ശിവകുമാറിനെ തണുപ്പിക്കാൻ നാളെയും ഡൽഹി കേന്ദ്രീകരിച്ച് ചർച്ചകൾ തുടരും. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ ഒന്നും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഡി.കെ ശിവകുമാർ ആഭ്യന്തരം ഉൾപ്പെടെയുളള മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ താൻ നിർദേശിക്കുന്ന നേതാക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടേം അനുസരിച്ച് അവസാന മൂന്ന് വർഷം മുഖ്യമന്ത്രി പദം രേഖാമൂലം സോണിയാഗാന്ധി ഉറപ്പ് നൽകിയതും ഡി.കെ ശിവകുമാർ സ്വീകരിച്ചിട്ടില്ല.