ബെംഗളുരൂ: കർണാടകയിൽ സർക്കാർ രൂപീകരണത്തിന് സിദ്ധരാമയ്യ ഇന്ന് തന്നെ അവകാശവാദം ഉന്നയിക്കുമെന്ന് സൂചന. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഗവർണർ താവർചന്ദ് ഗെലോട്ടിനോട് അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് തന്നെ ഗവർണറെ കാണുന്നതിനുള്ള സമയം ചോദിച്ചതായിട്ടാണ് പുറത്ത് വരുന്ന വിവരം.
കെ.സി.വേണുഗോപാല്‍
മറ്റന്നാൾ ഉച്ചയ്ക്ക് 12.30 ബെംഗളൂരുവിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. ഇതിനായി കോൺഗ്രസ് പ്രതിനിധിയായി എംഎൽഎ ജി.പരമേശ്വര രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സിദ്ധരാമയ്യ ഗവർണറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫോണിലൂടെ ഗവർണർക്ക് പിറന്നാൾ ആശംസകൾ നേർന്ന സിദ്ധരാമയ്യ സത്യപ്രതിജ്ഞയുടെ കാര്യങ്ങളും സംസാരിച്ചു. മറ്റന്നാൾ സത്യപ്രതിജ്ഞ നടത്തുന്നതിന് തീരുമാനമായിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം ഏഴിന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും.
കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു.