ദില്ലി: രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയിൽ വെടിനിർത്തൽ. ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിൻ പൈലറ്റും ഒന്നിച്ച് നീങ്ങാൻ ധാരണയായി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും യോജിച്ച് മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. ഇരു നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. നേതാക്കൾ ഒന്നിച്ചെത്തി മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അനുനയ ചര്‍ച്ചയിലാണ് സച്ചിൻ പൈലറ്റ് വഴങ്ങിയത്.
സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി എന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റിനെ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ഗലോട്ടിന് ഹൈക്കമാൻഡ് നിർദേശം നല്‍കി. വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ രാജസ്ഥാൻ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയായിരുന്നു സച്ചിന്‍റെ ആവശ്യങ്ങൾ. സച്ചിനെ കൂടി ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഹൈക്കമാൻഡ് ഗലോട്ടിന് നിർദ്ദേശം നൽകി. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നയിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.