തിരുവനന്തപുരം : എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അദ്ധ്യാപികയായ വിദ്യ കണ്ണൂർ സർവ്വകലാശാലയുടെ ഉത്തരകടലാസ് മുല്യനിർണ്ണയ ക്യാമ്പിലടക്കം വിദ്യ പങ്കെടുത്തു. സർവ്വകലാശാല ചട്ടങ്ങൾ മറികടന്നാണ് എസ്എഫ്‌ഐ നേതാവ് പരീക്ഷ പേപ്പർ മൂല്യനിർണ്ണയം നടത്തിയത്.
മൂന്ന് വർഷം അദ്ധ്യാപന പരിചയം ഉള്ളവർക്ക് മാത്രമാണ് മൂല്യനിർണ്ണയത്തിന് യോഗ്യത. എന്നാൽ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയുടെ സുഹൃത്തായ വിദ്യയ്‌ക്കായി ഉന്നത ഇടപെടലും രാഷ്ടീയ സ്വാധീനവും വ്യക്തമാകുന്നതാണ് പുതിയതായി പുറത്ത് വരുന്ന വിവിരങ്ങൾ. 2021 നവംബറിൽ നടന്ന മലയാളം ഒന്നാം സെമസ്റ്റർ, 2022 ഏപ്രിലിൽ നടന്ന രണ്ട്, നാലാം സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയ ക്യാംപിലാണ് കരിന്തളം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന കെ വിദ്യ പങ്കെടുത്തത്.
വ്യാജ രേഖയുണ്ടാക്കി കെ. വിദ്യ ഗസ്റ്റ് ലക്ചററാകാൻ ശ്രമിച്ചെന്ന കേസിൽ പോലീസ് മഹാരാജാസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്തു നിന്നും വിദ്യയ്‌ക്ക് ഒരു സഹായങ്ങളും നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ വി.എസ്. ജോയ് മൊഴി നൽകിയത്. വ്യാജരേഖ പുറത്തുവന്നതിന് പിന്നാലെ പ്രിൻസിപ്പൽ വി.എസ് ജോയ് സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴിയെടുത്തത്.
2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അദ്ധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് കെ വിദ്യ നിർമ്മിച്ചത്. ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മുൻ എസ്എഫ്‌ഐ നേതാവ് കാസർകോട് കരിന്തളം കോളേജിൽ ജോലി സംഘടിപ്പിച്ചതും. ഇതേ സർട്ടിഫിക്കറ്റിന്റെ പകർപ്പ് തന്നെയാണ് അട്ടപ്പാടി ഗവ കോളജിൽ താത്കാലിക അധ്യാപക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. എന്നാൽ ഈ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ അദ്ധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്ത് വന്നത്.