തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി നീങ്ങുന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി സമീപിച്ചതിന് പിന്നാലെയാണ് സുധാകരന്‍ രൂക്ഷ വിമര്‍ശനം.
‘ഇത്രയേറെ കാലം എല്ലാം അനുഭവിച്ച്, എല്ലാ നേട്ടങ്ങളും ഉണ്ടാക്കി, തരംപോലെ ഗ്രൂപ്പ് കളിച്ച നേതാക്കള്‍ ഇത്തരം പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ സഹതപിക്കുക എന്നല്ലാതെ എന്ത് പറയാന്‍. നേതാക്കള്‍തന്നെ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ ആശങ്കപങ്കുവെക്കുന്നു. ഇത് കണ്ടിട്ട് ഏത് നേതാക്കള്‍ക്കാണ് ഗ്രൂപ്പ് പ്രവര്‍ത്തനം പുനഃപരിശോധിക്കണമെന്ന് തോന്നാതിരിക്കുക’, സുധാകരന്‍ ചോദിച്ചു.
പാര്‍ട്ടിക്കകത്തുള്ള ആഭ്യന്തര പ്രശ്‌നം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത് പക്വതയില്ലായ്മയാണെന്നും സുധാകരന്‍ തുറന്നടിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡില്‍ വിശ്വാസമുള്ളവര്‍ക്ക് അവരെ കാണാം. അതില്‍ പരാതിയില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ തേടേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷേ, പാര്‍ട്ടിയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കവും നടപടിയും പാര്‍ട്ടിയെ സഹായിക്കാന്‍ വേണ്ടിയുള്ളതല്ലെന്ന് അവരെ ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഐക്യം നഷ്ടപ്പെട്ടുവെന്ന എംഎം ഹസ്സന്റെ പ്രസ്താവന ബാലിശമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്രയും ജനാധിപത്യ രീതിയില്‍ ഒരു പുനഃസംഘടന നടത്തി എന്നതില്‍ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. ഒറ്റ ലിസ്റ്റായി വന്നിരിക്കുന്നതാണ് ഏറെയും. അത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ പേരുടെ ലിസ്റ്റ് വന്നതില്‍ മെറിറ്റ് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റൊരു ഗ്രൂപ്പും ഇല്ല. ഈ പറഞ്ഞവരൊക്കെ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ സ്ഥിതി എന്തായിരുന്നു. ഒരു മേശക്ക് ചുറ്റുമിരുന്ന് ലിസ്റ്റ് കൊടുക്കലായിരുന്നു. ഞങ്ങള്‍ ചെയ്തത് അതല്ല, എല്ലാ വിഭാഗത്തിന്റെയും ആളുകളെ ഉള്‍പ്പെടുത്തി, ഉപസമിതി ഉണ്ടാക്കി അവരുണ്ടാക്കിയ ലിസ്റ്റ് അംഗീകരിച്ചതാണോ ഞങ്ങള്‍ ചെയ്ത തെറ്റ്’, സുധാകരന്‍ ചോദിച്ചു.
അവസാന ചര്‍ച്ച ഇവരുമായി നടത്തിയില്ലെന്നാണ് പരാതി. അങ്ങനെ ഒരു ആവശ്യമുണ്ടെന്ന് തോന്നിയില്ല, അതുകൊണ്ടാണ് ചര്‍ച്ചചെയ്യാതിരുന്നത്. അതിനിടക്ക് ഫോണില്‍ സംസാരിക്കേണ്ടവരോടൊക്കെ സംസാരിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇനി പരാതി പറയാനുള്ളവരൊക്കെ പരാതി പറഞ്ഞോട്ടെ. കെപിസിസിക്ക് വീഴ്ചയുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് നടപടിയെടുക്കട്ടെ. കേരള നേതൃത്വത്തില്‍ അത്രയും വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ ഹൈക്കമാന്‍ഡിലേക്ക് പോയതെന്നും സുധാകരന്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എംഎം ഹസ്സനുമായും രമേശ് ചെന്നിത്തലയുമായും കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം അട്ടിമറിച്ചെന്ന ഹസ്സന്റെ ആരോപണത്തിന് സുധാകരന്റെ മറുപടി ഇങ്ങനെയായിരുന്നു ‘അട്ടിമറിച്ചതല്ല, അട്ടിമറിച്ചു എന്ന ആക്ഷേപത്തിന്റെ പുറത്ത് അട്ടിമറിച്ചത് അവരാണ്. ഞങ്ങളല്ല’. അവര്‍ക്കെതിരെ ഞങ്ങള്‍ ആരോടും പരാതി പറയുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്തില്ല. പ്രതിക്കൂട്ടില്‍ നിന്ന് മറ്റുള്ളവരെ വിമര്‍ശിക്കുന്ന നടപടിയാണ് അവരുടെ ഭാഗത്തുനിന്നുള്ളത്. എല്ലാവര്‍ക്കും പരാതിയില്ല. കോണ്‍ഗ്രസില്‍ ഒരുപാട് നേതാക്കളുണ്ട്. രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമാണ് പരാതിയുള്ളത്. അതിന്റെ അടിസ്ഥാനം ഊഹിച്ചാല്‍ മതി. എഐസിസി പറയട്ടെ അവര്‍ ആര്‍ക്കൊപ്പമാണെന്ന്. ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്. അത് ഹൈക്കമാന്‍ഡ് പറയട്ടെ, ഏതാണ് തെറ്റെന്ന്’, കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
തീരുമാനങ്ങളില്‍നിന്ന് ഞങ്ങളെ അകറ്റിനിര്‍ത്തന്നുവെന്നാണ് ഹസ്സന്‍ നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിന്റെയും ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിന്റെയും പ്രധാന പരാതി. ഗ്രൂപ്പുകള്‍ക്കായി സ്ഥാനങ്ങള്‍ വിഭജിക്കുകയും ലഭ്യമായ സ്ഥാനങ്ങളിലേക്ക് ഗ്രൂപ്പ് നേതൃത്വം പേര് നിര്‍ദേശിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇനി പറ്റില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമുള്ളത്. മറ്റു ഗ്രൂപ്പുകളില്‍ നിന്നുള്ളവരെ അടര്‍ത്തി സുധാകരനും സതീശനും സ്വന്തമായി ഗ്രൂപ്പ് തുടങ്ങുകയാണെന്നാണ് എ-ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം നേതാക്കള്‍ പരസ്യപ്രതികരണങ്ങളിലൂടെ പുറത്തറിയിച്ചതിന് പിന്നാലെ എഐസിസി നേതൃത്വം ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്