ആലപ്പുഴ: സംഘടനാ വിഷയങ്ങളിൽ സിപിഎം ആലപ്പുഴയിൽ കൂട്ടനടപടി എടുത്തു. ലഹരിക്കടത്ത് കേസിൽ അകപ്പെട്ട ഏരിയാകമ്മിറ്റി അംഗവും മുൻസിപ്പൽ കൌൺസിലറുമായ ഷാനവാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. വിഭാഗീയതയുമായി ബന്ധപ്പെട്ട് ചിത്തരഞ്ജൻ എംഎൽഎ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് തരംതാഴ്ത്തി. ഈ രണ്ട് ഒഴിവുകളും നികത്തേണ്ടെന്നാണ് പാർട്ടി നേതൃത്വം നിർദേശം നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.
സമ്മേളനത്തിൽ വിഭാഗീയതയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയാകമ്മിറ്റികൾ പിരിച്ചുവിട്ടു. ഈ കമ്മിറ്റികളിലെ സെക്രട്ടറിമാർ അംഗങ്ങളായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിബി ചന്ദ്രബാബുവായിരുന്നു ആലപ്പുഴ ഏരിയാ കമ്മിറ്റി സെക്രട്ടറി. ബാബുജാനായിരുന്നു ഹരിപ്പാട് ഏരിയാ സെക്രട്ടറി.
ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി, ഹരിപ്പാട് ഏരിയാസമ്മേളനങ്ങളിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച ടി.പി. രാമകൃഷ്ണൻ കമ്മിഷൻ ശക്തമായ നടപടി ശുപാർശ ചെയ്തിരുന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ എന്നിവരുൾപ്പെടെ മുപ്പതോളം പേരെയാണ് കമ്മിഷൻ കുറ്റക്കാരായി കണ്ടെത്തിയത്.
ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി, ഹരിപ്പാട് ഏരിയാസമ്മേളനങ്ങളിൽ പ്രതിനിധികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സാഹചര്യംവരെ ഉണ്ടായി. തോൽപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി വിതരണം ചെയ്തത് മുതൽ വോട്ടിനായി വാഗ്ദാനങ്ങൾ അരങ്ങേറിയതു വരെയുളള സാഹചര്യങ്ങൾ കണക്കിലെടുത്ത് വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നേതൃത്വം തയ്യാറായത്.