തിരുവനന്തപുരം: എസ്എഫ്‌ഐ മെമ്പർഷിപ്പ് നിയമവിരുദ്ധ പ്രവർത്തനത്തിനുള്ള പാസ്‌പോർട്ട് ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അദ്ധ്യാപകരാകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണെന്നും ഗവർണർ പറഞ്ഞു. വ്യാജരേഖ വിവാദത്തിൽ പരാതി ലഭിച്ചാൽ നടപടിയെടിക്കുമെന്നും ഗവർണർ വ്യക്തമാക്കി. എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട വ്യാജ ബിരുദ- വ്യാജ രേഖ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ പ്രതീകരണം.
സിപിഎമ്മിനെതിരെയും എസ്എഫ്‌ഐക്കെതിരെയും ശക്തമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ കേരള സർവകലാശാല വിസിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സർവകലാശാലകളിൽ പാർട്ടിയുടെ നിയമവിരുദ്ധ ഇടപെടലുകളിൽ ഇതിനു മുൻപും ഗവർണർ വിമർശിച്ചിരുന്നു. പാർട്ടി അംഗത്വമുള്ളവർക്ക് മാത്രം സർവകലാശാലകളിൽ പ്രവേശനം എന്ന സ്ഥിതിയിലേക്ക് മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടയിൽ എസ്എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിന്റെ വ്യാജ ബിരുദം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു. നിഖിലിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് സർവകലാശാല. മാദ്ധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെ കുറിച്ച് പരിശോധിച്ചതെന്ന് കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കിയിരുന്നു. നിഖിലിന്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കലിംഗ സർവകലാശാലയ്‌ക്ക് കേരളത്തിൽ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.