കണ്ണൂർ: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത് വംശഹത്യയാണെന്ന് പറയേണ്ടിവരുമെന്നാണ് പാംപ്ലാനി പറയുന്നത്. കേന്ദ്രസർക്കാരിന്റേത് ഗുരുതരവീഴ്ചയാണ്. സർക്കാർ ശരിയായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞത്. മണിപൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. മണിപ്പൂരിൽ നടക്കുന്നത് കലാപമാണ്. കലാപകാരികൾക്ക് എവിടെ നിന്ന് പൊലീസിന്റെ ആയുധങ്ങൾ ലഭിച്ചു. ഭരണകൂടത്തിന്റെ മൗനാനുവാദം ഇവർക്ക് ലഭിച്ചോ എന്ന് സംശയിക്കണം.
മണിപ്പൂർ കത്തി എരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ല. സൈനിക ബലമുള്ള രാജ്യത്ത് കലാപം അമർച്ച ചെയ്യാൻ കഴിയാത്തത് ശരിയല്ല. മണിപ്പൂരിലേത് വംശഹത്യയാണ്. റബ്ബർ വിലയുമായി അതിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. ആ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു.
ഏകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കം എന്താണെന്ന് നിയമ നിർമാണ സഭയിൽ വ്യക്തമാക്കണം. ഏകപക്ഷീയമായി നടപ്പിലാക്കരുത് എന്നാണ് അഭിപ്രായം. എല്ലാവരെയും വിശ്വാസത്തിൽ എടുക്കണം. ജനപ്രതിനിധികളുടെ അഭിപ്രായം കേൾക്കണം. എല്ലാവരുമായി ചർച്ച ചെയ്യണം. മുസ്ലിം മത വിഭാഗത്തിന്റെ ആശങ്കയും പരിഹരിക്കണം. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സംഘടനകൾ ഉയർത്തുന്ന ആശങ്ക പരിഹരിക്കണമെന്നും ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
മണിപ്പൂർ കലാപത്തിൽ മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് സഭയുടെ നിലപാടെന്ന് സീറോ മലബാർ സഭയും പറഞ്ഞിട്ടുണ്ട്. മണിപ്പൂരിൽ നടക്കുന്നത് ഒരു വിഭാഗത്തിനെതിരായ സംഘടിതമായ ആക്രമണമാണ്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിഷ്ക്രിയത്വമാണ്. കലാപം അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. കലാപത്തിന് കേന്ദ്രസർക്കാർ മൗനാനുവാദം നൽകുന്നുവെന്ന് സംശയമെന്നും സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പ്രതികരിച്ചു.
എകീകൃത സിവിൽ കോഡിന്റെ ഉള്ളടക്കത്തിൽ വ്യക്തത വരുത്തണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ വൈവിധ്യത്തെ ഉൾക്കൊണ്ടാകണം നിയമങ്ങൾ നിർമിക്കേണ്ടത്. എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കണം. നിയമനിർമ്മാണത്തിന് മുമ്പായി എല്ലാവരെയും വിശ്വാസത്തിൽ എടുക്കണമെന്നും ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.