ശ്രീനഗർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ്( യുസിസി ) നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെപ്പറ്റി സർക്കാർ പുനർവിചിന്തനം നടത്തണം. ഇന്ത്യ വൈവിധ്യമാർന്ന രാഷ്‌ട്രമാണ്. യുസിസി ഇന്ത്യയിൽ നടപ്പാക്കരുതെന്നും മുസ്ലീങ്ങൾക്ക് അവരുടേതായ ശരിയത്ത് നിയമമുണ്ടെന്നും ഫാറൂഖ് അബ്ദുള്ള മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘സർക്കാർ ഏകീകൃത സിവിൽ കോഡിനെപ്പറ്റി പുനർവിചിന്തനം നടത്തണം. ഇത് വൈവിധ്യമാർന്ന രാഷ്‌ട്രമാണ്. വ്യത്യസ്ത വംശങ്ങളിലും മതങ്ങളിലുമുള്ള ആളുകൾ ഇവിടെ താമസിക്കുന്നു. മുസ്ലീങ്ങൾക്ക് അവരുടേതായ ശരിയത്ത് നിയമമുണ്ട്. അതിനാൽ ഏകീകൃത സിവിൽ കോഡ് എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണം. ഒരു കൊടുങ്കാറ്റ് ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം’. ഈദുൽ അസ്ഹ പ്രാർത്ഥനയ്‌ക്ക് ശേഷം ഹസ്രത്ബാലിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതു മുതൽ തീവ്ര ഇസ്ലാമിസ്റ്റിക് ഗ്രൂപ്പുകൾ രംഗത്തു വന്നിരുന്നു. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും എത്തി. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും യുസിസി വിഷയം പ്രതിപക്ഷം ഉപയോഗിക്കുന്നുവെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചിരുന്നു. ഒരു വീട്ടിൽ, ഒരു അംഗത്തിന് ഒരു നിയമവും മറ്റൊരു അംഗത്തിന് മറ്റൊരു നിയമവും ഉണ്ടാകുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.