മലപ്പുറം: ഏക സിവില്‍ കോഡ് രാജ്യത്തെ ഭരണഘടനയ്ക്കും മതേതരത്വത്തിനും എതിരെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ പ്രധാനമന്ത്രി കൊണ്ട് വന്ന അജണ്ടയാണ് ഏക സിവില്‍ കോഡ്. ഇത് മുസ്ലിം വിഭാഗത്തിന്റെ മാത്രം വിഷയമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണിപ്പൂരിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ അഭിനന്ദിക്കുന്നുവെന്നും മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഏക സിവില്‍ കോഡിനെ എതിര്‍ക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫസര്‍ ഖാദര്‍ മൊയ്തീനും പറഞ്ഞു. ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയുടേത്. എന്താണ് യുസിസി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റിലുള്‍പ്പടെ കൊണ്ടുവന്നിട്ടില്ല. ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നവരില്‍ മുന്നില്‍ തന്നെ ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയം പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ഇടത് പക്ഷത്തിനൊപ്പമുള്ള പ്രതിഷേധം സംബന്ധിച്ചുള്ള തീരുമാനം സാഹചര്യം വരുന്നതിനനുസരിച്ച് സ്വീകരിക്കും. ഏക സിവില്‍ കോഡ് ദേശീയ വിഷയമാണ്. സംസ്ഥാന സാഹചര്യം അതില്‍ കൂട്ടി കലര്‍ത്തേണ്ടതിലെന്നും നേതാക്കള്‍ പറഞ്ഞു.