ഡൽഹി: ഏക സിവിൽ കോഡിൽ കേന്ദ്ര സർക്കാരിൻ്റെ ഉദ്ദേശത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ എംപിമാർ. പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻ്റ് ജസ്റ്റിസ് എന്നിവക്കായുള്ള പാർലമെൻ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചയിലാണ് സിവിൽ കോഡിലുള്ള ആശങ്കകൾ എംപിമാർ അറിയിച്ചത്. സിവിൽ കോഡ് നടപ്പിലാക്കാൻ ധൃതി കൂട്ടുന്ന ബിജെപി സർക്കാരിൻ്റെ ഉദ്ദേശത്തെ കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ളവർ വിമർശിച്ചെന്നും പദ്ധതിയുടെ ഡ്രാഫ്റ്റ് ആവശ്യപ്പെട്ടുവെന്നുമാണ് സൂചന.
ബിജെപി നേതാവ് സുശീൽകുമാർ മോദിയുടെ അദ്ധ്യക്ഷതയിലാണ് എക സിവിൽ കോഡിൽ ചർച്ചകൾ നടന്നത്. സമൂഹത്തിലെ എല്ലാ മതങ്ങളും ജാതികളും സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് സിവിൽ കോഡ് എന്ന കാര്യം മനസ്സിൽ ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞു.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ഇതുവരെ 19 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ലോ കമ്മീഷൻ ഓഫ് ഇന്ത്യ, എംപിമാരെ അറിയിച്ചു. സിവിൽ കോഡുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്ന് രാജ്യസഭാംഗം കപിൽ സിപൽ ആവശ്യപ്പെട്ടിരുന്നു.
ഏക സിവിൽ കോഡ് ഭരണഘടനയിൽ പറയുന്നതാണെന്നും സുപ്രീം കോടതി അത് നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭോപ്പാലിൽ പറഞ്ഞതിന് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയായത്. രാജ്യത്തിന് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാവില്ല എന്നും മോദി പറഞ്ഞിരുന്നു.