തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനത്തിൽ അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോഗ്യ വകുപ്പ്. കേസുകൾ ക്രമാധീതമായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഉടൻ അടിയന്തര യോഗം ചേരും. തിരുവനന്തപുരത്ത് ഇന്നും പനിബാധിച്ച് 48 വയസ്സുകാരി മരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പും നൽകി.
വിതുര മേമല സ്വദേശി സുശീലയാണ് മരിച്ചത്. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുന്നത് കടുത്ത ആശങ്കയാണ്. മാത്രമല്ല വരുന്ന രണ്ടാഴ്ച അതി നിർണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉടൻ അടിയന്തര യോഗം ചേരുന്നത്. സ്വയം ചികിത്സ പാടില്ലെന്നും രണ്ടു ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന പനി ഉണ്ടായാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
സംസ്ഥാനത്ത് ഇന്നലെ 12,694 പേർ പനി ബാധിച്ച് ചികിത്സതേടി. 2,194 രോഗികളുള്ള മലപ്പുറം ജില്ലയിലാണ് രോഗ ബാധിതർ ഏറെയും. നിലവിൽ 3 പേർ പനി ബാധിച്ച് മരിച്ചു. 2 പേർക്ക് ഡെങ്കിയും ഒരാൾക്ക് എലിപ്പനിയെന്നുമാണ് സംശയം. 250 പേർ ഡങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 54 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 84 പേർ എലിപ്പനി ബാധിച്ച് മരിച്ചെന്നുമാണ് കണക്കുകൾ. പകർച്ചപ്പനി പ്രതിരോധത്തിന്റെ പ്രശ്നബാധിത മേഖലകളെ ഹോട്ട്സ്പോട്ടുകളായി തിരിച്ചാണ് നിലവിലെ നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനവും മഴക്കാല പൂർവ്വ ശുചീകരണപ്രവർത്തനങ്ങളിലുണ്ടായ വീഴ്ചയുമാണ് പനി വ്യാപിക്കാൻ കാരണം.