തിരുവനന്തപുരം: ഏക സിവില്‍ കോഡില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. സമാന വിഷയത്തില്‍ മുസ്ലീം ലീഗ് നടത്തുന്ന സെമിനാറിന് പുറമേയാണിത്. യോഗം മണിപ്പൂര്‍ വിഷയത്തിലും പ്രതിഷേധം അറിയിച്ചു.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ ആര്‍ക്കൊക്കെ ക്ഷണമുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുമായി യാതൊരു സഹകരണവും ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചിരുന്നു. കേരളത്തില്‍ ബിജെപിയുടെ ബി ടീം ആണ് സിപിഐഎം. ആദ്യമായി ഏക സിവില്‍കോഡിനെ അംഗീകരിച്ച ഇഎംഎസിന്റെ പാര്‍ട്ടിക്ക് പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.
അതേസമയം മുസ്ലിം ലീഗ് നടത്തുന്ന സെമിനാറിലേക്ക് ഇടതുപക്ഷത്തെ ക്ഷണിച്ചേക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചിരുന്നു. സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണോ എന്നതില്‍ തുടര്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് ലീഗ്. ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ കൂട്ടാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ ആരോടും മല്‍സരമില്ല. മുസ്ലിം വിഷയമാക്കി ധ്രുവീകരണം നടത്തുന്നവരോടൊപ്പം ചേരില്ല. ലീഗിന്റേത് പ്രക്ഷോഭമല്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന സെമിനാറുകള്‍ നടത്തുകയാണെന്നും പി എം എ സലാം പറഞ്ഞിരുന്നു.