ഡല്‍ഹി: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കിടയിലും അഭിപ്രായവ്യത്യാസം. രാജ്യത്തെ ഗോത്രവിഭാഗങ്ങളടക്കമുള്ള വ്യത്യസ്ത സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങള്‍ക്ക് ഏക സിവില്‍ കോഡ് തിരിച്ചടിയാകുമെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഏക സിവില്‍ കോഡില്‍ ഗോത്രവിഭാഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ബിജെപി നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകൃത സിവില്‍ കോഡ് എന്ന ആശയം എത്രയും വേഗം നടപ്പിലാക്കുമെന്ന സൂചന നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. അതിനെ തുടര്‍ന്നാണ് രാജ്യത്ത് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നു വന്നത്. ഉത്തരാഖണ്ഡില്‍ എത്രയും പെട്ടെന്ന് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ജൂലൈ മാസം അവസാനത്തോടെ സമിതി ബില്ലിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അധ്യക്ഷയും മുന്‍ സുപ്രീംകോടതി ജസ്റ്റിസുമായ രഞ്ജന ദേശായിയും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഏക സിവില്‍ കോഡില്‍ വ്യത്യസ്ത അഭിപ്രായവുമായി ബിജെപി നേതാക്കള്‍ രംഗത്ത് വരുന്നത്.
വടക്കു കിഴക്കന്‍ മേഖലയിലെ ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട ആചാരപരമായ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി ആദിവാസി വിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഗോത്ര വിഭാഗത്തോട് ബിജെപിക്ക് വളരെയധികം ബഹുമാനമുണ്ടെന്നും അവര്‍ക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി എസ് പി സിങ്ങ് ബാഗേല്‍ സ്വീകരിക്കുന്നത്. മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയായിരുന്നു എസ് പി സിങ്ങ് ബാഗേല്‍. ‘ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിതയെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേയ്ക്ക് തെരഞ്ഞെടുത്ത പാര്‍ട്ടിയാണ് ബിജെപി. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ധാരാളം എംപിമാരും എംഎല്‍എമാരും മന്ത്രിമാരും ബിജെപിക്കുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആചാരങ്ങളെ ബിജെപി ബഹുമാനിക്കുന്നുണ്ട്. മതപരമോ സാമൂഹികമോ ആയ ഏതെങ്കിലും ആചാരങ്ങളെ ബിജെപി മുറിവേല്‍പ്പിക്കില്ല. പക്ഷെ പ്രീണന രാഷ്ട്രീയം ശരിയല്ലെന്നും’ ബാഗേല്‍ വ്യക്തമാക്കുന്നു.
നേരത്തെ ആര്‍ട്ടിക്കിള്‍ 371ന്റെ പരിധിയില്‍ വരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ ഏകസിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും ആവശ്യപ്പെട്ടിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മാത്രമല്ല രാജ്യത്തെ ഇതരഭാഗങ്ങളിലെ ഗോത്രജനതയെയും ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്നും സുശീല്‍ കുമാര്‍ മോദി ആവശ്യപ്പെട്ടിരുന്നു. ഏക സിവില്‍ കോഡ് ചര്‍ച്ച ചെയ്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനാണ് സുശീല്‍ മോദി.
പരമ്പരാഗത രീതിയില്‍ ജീവിക്കുന്ന ആദിവാസികള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും രംഗത്ത് എത്തിയിട്ടുണ്ട്. സമയമാകുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ ഏക സിവില്‍ കോഡ് അംഗീകരിക്കണമെന്ന് പറഞ്ഞ രാധാകൃഷ്ണന്‍ ആദിവാസികളെ അവരുടേതായ രീതിയില്‍ ജീവിതം നയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഏക സിവില്‍ കോഡ് പരിഗണിക്കുമ്പോള്‍ ആദിവാസികളുടെ വിഷയം പ്രത്യേകമായി പരിഗണിക്കുമെന്ന പ്രതീക്ഷയാണ് രാധാകൃഷ്ണന്‍ പങ്കുവയ്ക്കുന്നത്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗോത്രവിഭാഗ ജനസംഖ്യയുള്ള സംസ്ഥാനം കൂടിയാണ് ഝാര്‍ഖണ്ഡ്.
നേരത്തെ മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മയും നാഗാലാന്റില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയും ഏക സിവില്‍ കോഡിനെതിരെ രംഗത്തെത്തിയിരുന്നു. വൈവിധ്യങ്ങളായ മതവും ജാതിയും ഗോത്രവും ഒന്നിച്ചിടപഴകി കഴിയുന്നതിനാലാണ് നാനാത്വത്തില്‍ ഏകത്വം എന്ന് പറയുന്നത്. ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ ഇത് അര്‍ത്ഥവത്താകില്ലായെന്ന ആശങ്കയാണ് ഇവര്‍ പങ്കുവെക്കുന്നത്.