കൊല്‍ക്കത്ത: ശനിയാഴ്ച നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി സിപിഐഎം. ഇടതു ഘടകക്ഷികളില്‍ നിന്നുള്ള, കോണ്‍ഗ്രസില്‍ നിന്നുള്ള, പിന്തുണക്കുന്ന സ്വതന്ത്രരായ സ്ഥാനാര്‍ത്ഥികളോ ഇല്ലാത്ത ഇടങ്ങളില്‍ ബാലറ്റ് പേപ്പറില്‍ ആരുടെയും പേരില്ലാതെ നിക്ഷേപിക്കാനാണ് നിര്‍ദേശം.
തൃണമൂല്‍ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പു മൂലം സിപിഐഎമ്മിന് സ്ഥാനാര്‍ത്ഥിയില്ലാത്ത ഇടങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്യുന്ന ശൈലി 2018ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടായി. ആ ശൈലി അവസാനിപ്പിക്കണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശത്തിലൂടെ സിപിഐഎം നല്‍കിയിരിക്കുന്നത്.
ബിജെപിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും തുല്യഅകലം പാലിക്കുകയെന്നതാണ് തങ്ങളുടെ നിലപാടെന്നാണ് സംസ്ഥാനത്തെ സിപിഐഎം നേതൃത്വം പറയുന്നത്.
‘ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ ഞങ്ങളുടെ ലക്ഷ്യം എല്ലാ ബിജെപി വിരുദ്ധരുടെയും എല്ലാ തൃണമൂല്‍ വിരുദ്ധരുടെയും സഖ്യമാണ്. അതിനേക്കാളേറെ ജനങ്ങളുടെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്.’, സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
അതേ സമയം സിപിഐഎമ്മിന്റെ നിലപാട് ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ തന്ത്രത്തിനും മുദ്രാവാക്യത്തിനും എതിരാണ്. ‘മമതക്ക് വോട്ടില്ല’ എന്നാണ് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയുള്ള സ്ഥലത്ത് ബിജെപിക്ക് വോട്ട് ചെയ്യുക. അല്ലാത്തയിടങ്ങളില്‍ തൃണമൂലിനെ പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തനായ സ്ഥാനാര്‍ത്ഥി ആരാണോ അവരെ പിന്തുണക്കാനാണ് ബിജെപി ആവശ്യപ്പെടുന്നത്.